വന്യമൃഗ ഭീഷണിക്കിടയിലും 70 ഏക്കർ മലമുകളിൽ പോസ്റ്റ് ഓഫിസ്
text_fieldsഅടക്കാകുണ്ട് എഴുപതേക്കർ സബ് പോസ്റ്റ് ഓഫിസ്
കാളികാവ്: വന്യമൃഗ ഭീഷണി കാരണം കുടിയിറക്കം തുടരുന്ന കുടിയേറ്റ കർഷക മേഖലയായ 70 ഏക്കർ മലമുകളിൽ ഇപ്പോഴും സജീവമായി പോസ്റ്റ് ഓഫിസ്. 50 വർഷം മുമ്പ് മലമുകളിൽ നാട്ടുകാർ നിർമിച്ച പോസ്റ്റ് ഓഫിസ് ഇന്നും കൗതുക കാഴ്ചയായി പ്രവർത്തിക്കുന്നു. 70 ഏക്കറിൽ ഇപ്പോൾ ആളും ആരവവും ഇല്ല. സമുദ്രനിരപ്പിൽനിന്ന് 1500 അടിയോളം ഉയരത്തിലാണ് ഈ പോസ്റ്റ് ഓഫിസ് സ്ഥിതി ചെയ്യുന്നത്. പൂർണമായും കരിങ്കല്ലിൽ പണിത പോസ്റ്റ് ഓഫിസിന്റെ പ്രതാപമാണ് പറയാനുള്ളത്.
1960കളിൽ മലയോര കർഷകരുടെ കുടിയേറ്റം തുടങ്ങിയത് മുതലാണ് 70 ഏക്കറിൽ ജനവാസം തുടങ്ങുന്നത്. കാളികാവ് പോസ്റ്റ് ഓഫിസിൽ ഇവിടേക്ക് കത്തുകളും കമ്പികളുമെത്താൻ വളരെ പ്രയാസമായി. ഇവിടേക്ക് വാഹന സൗകര്യമില്ലാത്തതാണ് കാരണം. ഇക്കാലത്താണ് ഈ പോസ്റ്റ് ഓഫിസ് നിർമിച്ചത്.
ഇന്ന് കത്തുകളും കമ്പികളും പേരിനു പോലുമില്ലെങ്കിലും ഓഫിസിന്റെ പ്രവർത്തനം ഇന്നു വരെ മുടങ്ങിയിട്ടില്ല. ബ്രാഞ്ച് പോസ്റ്റ് മാസ്റ്ററും ഒരു അസിസ്റ്റന്റും മെയിൽ കാരിയറുമുൾപ്പെടെ മൂന്ന് ജീവനക്കാരുണ്ട്. കാളികാവ് ടൗണിൽനിന്ന് അഞ്ച് കിലോമീറ്റർ ദൂരമുണ്ട് ഇവിടേക്ക്. ഏതാനും ഒറ്റപ്പെട്ട കുടുംബങ്ങൾ മാത്രമാണ് ഇപ്പോൾ ഈ പ്രദേശങ്ങളിൽ കഴിയുന്നത്. എന്നാൽ അവർക്ക് വല്ലപ്പോഴും വരുന്ന തപാൽ ഉരുപ്പടികൾ സൂക്ഷിക്കാനും വിതരണം ചെയ്യാനുമായി ഈ പോസ്റ്റ് ഓഫിസ് ഇന്നും പഴമയുടെ പ്രതാപത്തോടെ നിൽക്കുന്നു.