ഓണ സദ്യ കെങ്കേമം; പാചകക്കാരൻ ഹെഡ്മാസ്റ്റർ
text_fieldsമാളിയേക്കൽ ജി.യു.പി സ്കൂൾ പ്രധാനാധ്യപകൻ ശിവ പ്രസാദ് മാസ്റ്റർ സ്കൂളിൽ ഓണസദ്യ പാചകത്തിനിടെ
കാളികാവ്: അവിയൽ, സാമ്പാർ, ഓലൻ, തോരൻ, പായസം എല്ലാം ചേർന്ന് സ്കൂളിൽ ഒന്നാന്തരം ഓണസദ്യ സ്വയം പാകം ചെയ്ത് പ്രധാനാധ്യാപകൻ. ചോക്കാട് മാളിയേക്കൽ ജി.യു.പി സ്കൂളിലെ പ്രധാന അധ്യാപകനായ ഒ.കെ ശിവപ്രസാദാണ് സ്കൂളിൽ സദ്യയൊരുക്കിയത്. ശിവപ്രസാദ് ഇവിടെ എത്തിയതിൽ പിന്നെ മൂന്നുവർഷമായി ഓണ സദ്യയൊരുക്കാൻ ഇവിടെ ആരെയും വിളിക്കേണ്ടി വന്നിട്ടില്ല.
സദ്യക്കുള്ള ഒരുക്കങ്ങൾ രാവിലെ അഞ്ചുമുതൽ തുടങ്ങി. കൂടെ സഹഅധ്യാപകരും ചേർന്നതോടെ കാര്യം എളുപ്പമായി. ഉച്ചയോടെ ഓണാഘോഷവ പരിപാടി പൂർത്തിയാക്കി ആയിരം പേർക്കുള്ള ഓണസദ്യ ഇലയിൽ വിളമ്പി. സദ്യയിൽ മാത്രമല്ല, സ്കൂളിന്റെ ഏതു കാര്യത്തിനും പ്രസാദ് മാഷ് തന്നെയാണ് നേതൃത്വം നൽകുന്നത്. സാമൂഹിക സേവനരംഗത്ത് നിറഞ്ഞു നിൽക്കുന്ന മാഷ് സ്കൂൾ മേളകളിലടക്കം നിറഞ്ഞു നിൽക്കുന്ന മികച്ച ഒരു അനൗൺസർ കൂടിയാണ്.