കാട്ടാന തകർത്ത സുരക്ഷ മതിൽ പുനർനിർമിച്ചില്ല; ആനപ്പേടിയിൽ ആദിവാസികൾ
text_fieldsചോക്കാട് നാൽപത് സെൻറിൽ സുരക്ഷ മതിൽ ആനകൾ തകർത്ത നിലയിൽ
കാളികാവ്: ചോക്കാട് നാൽപത് സെൻ്റിൽ കാട്ടാന ശല്യം വർധിച്ചതിനിടയിൽ സുരക്ഷാ മതിൽ തകർന്നത് ഭീഷണിയാകുന്നു. ആനകൾ കാട്കയറി ജനവാസ മേഖലയിൽ എത്തുന്നത് തടയാൻ നിർമിച്ച ആനമതിലാണ് കാട്ടാനകൾ തകർത്തത്. മാസങ്ങൾ കഴിഞ്ഞിട്ടും പുനർനിർമിക്കാൻ നടപടിയില്ല.
വനത്തോട് ചേർന്ന് നിൽക്കുന്ന വീടുകളുടെ സംരക്ഷണത്തിനായി 20 വർഷം മുമ്പാണ് കരിങ്കൽ മതിൽ പണിതത്. മതിലില്ലാത്ത സ്ഥലങ്ങളിൽ കുറഞ്ഞ വോൾട്ടിലുള്ള സോളാർ വേലിയാണുള്ളത്. ഇത് കാട്ടാനകളെ തടയാൻ പര്യാപ്തമല്ല. രണ്ടു ദിവസം മുമ്പ് പകൽ സമയത്താണ് വീടുകൾക്കടുത്ത് കാട്ടാനക്കൂട്ടമെത്തിയത്. മതിൽ തകർന്ന ഭാഗങ്ങളിലൂടെ കാട്ടാനകൂട്ടം എത്തുമോ എന്ന ഭയത്തിലാണിപ്പോൾ.
ആന ശല്യം രൂക്ഷമായതോടെ രാത്രി പുറത്തിറങ്ങാൻ കഴിയാതെയാണ് ആദിവാസികൾ കഴിയുന്നത്. മിക്കദിവസങ്ങളിലും ആനക്കൂട്ടങ്ങൾ വീട്ടുമുറ്റത്ത് എത്താറുണ്ട്. രാത്രി പുറത്തിറങ്ങിയാൽ എന്തും സംഭവിക്കാം എന്ന അവസ്ഥയാണ്. വീട്ടുമുറ്റത്തുള്ള വാഴകളും മറ്റും കൃഷികളും ആനകൾ നശിപ്പിച്ചു. നേരം ഇരുട്ടി കാട്ടാനകൾ കൂട്ടമായെത്തുന്നതോടെ പുറത്തിറങ്ങാൻ കഴിയാതെ വീടിനുള്ളിൽ വാതിലടച്ചിരിക്കുകയാണ് ആദിവാസികൾ.
രാത്രി ആനയെത്തിയാൽ കാണാനുള്ള സംവിധാനവും കോളനിയിലില്ല.കോളനിയിൽ ഉയർന്ന ക്ഷമതയുള്ള ബൾബുകൾ സ്ഥാപിച്ചാൽ രാത്രി കാലം ആനക്കൂട്ടം വരുന്നതെങ്കിലും കാണാൻ കഴിയും.