പ്രകൃതി സൗന്ദര്യം നുകരാം, ഒപ്പം ചരിത്രവും തൊട്ടറിയാം
text_fieldsചിങ്കക്കല്ല് കാട്ടാറ്
കാളികാവ്: ചോക്കാട് പഞ്ചായത്തിലെ ചിങ്കക്കല്ല് കാട്ടാറും പരിസരവും പ്രകൃതി കാഴ്ചകൾ തേടിയെത്തുന്നവർക്ക് ഉള്ള്കുളിർക്കുന്ന കാഴ്ചാനുഭവമാണ് പകർന്ന് നൽകുക. പശ്ചിമഘട്ടത്തിന്റെ മാറിൽ നിന്ന് ഊർന്നിറങ്ങി മലമടക്കുകള്‍ താണ്ടി പതഞ്ഞൊഴുകുന്ന കൊച്ചുവെള്ളച്ചാട്ടമാണ് ഇവിടത്തെ വൈബ്.
പാറക്കൂട്ടങ്ങളില്‍ തട്ടിത്തെറിച്ചും വേരുകള്‍ക്കിടയില്‍ ഇഴപിരിഞ്ഞും ഒഴുകിയെത്തുന്ന വെള്ളം എത്ര ശക്തമായ മഴയിലും കലങ്ങില്ല. ഏത് കൊടുംവെയിലിലും കുളിര്‍മ നഷ്ടപ്പെടുകയുമില്ല. നുരഞ്ഞൊഴുകുന്ന വെള്ളത്തിനു നടുവിലെ പാറക്കെട്ടുകള്‍ ചിങ്കക്കല്ലിലെ ചേതോഹര കാഴ്ചയാണ്. വെള്ളച്ചാട്ടം പോലെ കുതിച്ചൊഴുകുന്ന തുടക്കവും താഴെ ചിതറിക്കിടക്കുന്ന പാറക്കെട്ടുമാണ് മനംനിറക്കുന്ന കാഴ്ചാനുഭവം പകരുന്നത്.
വാരിയൻ കുന്നത്ത് കുഞ്ഞഹമ്മദ് ഹാജി ഒളിവിൽ കഴിഞ്ഞിരുന്ന പാറ
ചിങ്കക്കല്ലിന്റെ കാനനഭംഗി നുകരാനെത്തുന്നവര്‍ ജലസ്രോതസ്സിന് നാശമുണ്ടാക്കുകയും പരിസ്ഥിതിക്ക് കോട്ടം വരുത്തുകയും ചെയ്യുന്നതാണ് പ്രശ്നം. സൈലന്റ് വാലി ബഫർ സോണിനോട് ചേർന്ന ഭാഗമായതിനാൽ വനവകുപ്പിന്റെ കർശന നിരീക്ഷണമുള്ള ഇടമാണ് ചിങ്കക്കല്ല്. പുഴയോട് ചേർന്ന ആദിവാസി കോളനിയിൽ പന്ത്രണ്ടോളം ആദിവാസി കുടുംബങ്ങൾ അധിവസിക്കുന്നു. കോളനിക്കാർ കുടിവെള്ളത്തിന് ആശ്രയിക്കുന്നത് ചിങ്കക്കല്ലിലെ ഈ കാട്ടാറിനെയാണ്.
കേന്ദ്രസര്‍ക്കാറിന്റെ ടൂറിസം വികസനപദ്ധതിയിലുള്‍പ്പെടുത്തി 2005 ല്‍ മേഖലയിലെ നെടുങ്കയം, ആഢ്യന്‍പാറ, കനോലിപ്ലോട്ട്, കേരളാംകുണ്ട് പ്രദേശങ്ങള്‍ക്കൊപ്പം ചിങ്കക്കല്ലിനെയും ഇക്കോടൂറിസം പ്രോജക്ടില്‍ ചേര്‍ക്കാന്‍ പദ്ധതിയിട്ടിരുന്നുവെങ്കിലും നടപ്പായില്ല. ജില്ല ടൂറിസം പ്രമോഷന് കൗണ്‍സില്‍ ഇതുസംബന്ധിച്ച് സംസ്ഥാന വിനോദസഞ്ചാര വകുപ്പിന് നിർദേശം സമര്‍പ്പിച്ചിരുന്നു.
സൈലന്റ് വാലി ബഫര്‍സോണിലെ വടക്കു പടിഞ്ഞാറെ അതിര്‍ത്തിയില്‍ വരുന്ന ചിങ്കക്കല്ലിനെ ടൂറിസം മേഖലയില്‍ കൈപിടിച്ചുയര്‍ത്താന്‍ വനംവകുപ്പും കാര്യമായ ഇടപെടല്‍ നടത്തിയില്ല. പ്രകൃതി രമണീയതക്ക് കോട്ടം വരാതെ പാരിസ്ഥിതിക സന്തുലിതത്വം നിലനിര്‍ത്തുന്ന ഇക്കോ പ്രോജക്ടില്‍ ഉള്‍പ്പെടുന്നത് ചിങ്കക്കല്ലിന്റെ വികസനത്തിന് ഏറെ പ്രയോജനപ്രദമാവുമെന്ന കാഴചപ്പാടാണ് പൊതുവേയുള്ളത്.
ചരിത്രപ്രാധാന്യം കൂടിയുള്ള ഇടമാണ് ചിങ്കക്കല്ല്. ഏറനാട്ടിലെ മലബാർ സമരനായകൻ വാരിയൻ കുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയുടെ ഒളിപ്പോർ താവളം കൂടിയായിരുന്നു ചിങ്കക്കല്ല്. കാട്ടാറിന് സമീപത്തെ വലിയ പാറയുടെ ചുവട്ടിലായിരുന്നു ഹാജിയും സംഘവും അക്കാലത്ത് ഒളിച്ചു പാർത്തിരുന്നത്. തല ഉയർപ്പോടെ നിലകൊള്ളുന്ന പാറ കാണാനും ചരിത്രാന്വേഷകർ ഇടക്കിടെ ഇവിടെയെത്തുന്നുണ്ട്.
വനം വകുപ്പിന്റെ അനുമതി വാങ്ങി ചിങ്കക്കല്ലിലെത്തിയാൽ കൺകുളിർക്കുന്ന കാഴ്ചയും ചരിത്രത്തിലെ ഒരേടും തൊട്ടറിഞ്ഞ് മടങ്ങാം.