സുബൈദയും അസീസ് ഉസ്താദും, പിന്നെ ചക്കിയുടെ മക്കളും
text_fieldsസുബൈദയും ഭർത്താവ് അബ്ദുൽ അസീസും (ഫയൽ ചിത്രം)
ശ്രീധരൻ സുബൈദയുടെ ഖബറിടത്തിൽ പ്രാർഥിക്കുന്നു (ഫയൽ ചിത്രം)
കാളികാവ്: മലപ്പുറം സ്നേഹത്തിന്റെ അനുപമ പ്രതീകമാണ് തെന്നാടൻ സുബൈദയും അസീസ് ഉസ്താദും. ഇരുവരും ഓർമയായെങ്കിലും അവർ കൊളുത്തിവെച്ച സ്നേഹത്തിന്റെ വിളക്കിൽ ഈ നാട് എന്നും തിളങ്ങും. ഈ ഉമ്മയെയും ഉപ്പയെയും കുറിച്ച് ലോകമറിഞ്ഞത് അവർ പോറ്റിവളർത്തിയ മകൻ ശ്രീധരനിലൂടെയായിരുന്നു.
സുഗന്ധം വിതറുന്ന മാതൃസ്നേഹത്തിന്റെ നല്ലോർമകൾ മനസ്സിൽ മായാതെ സൂക്ഷിക്കുകയാണ് ശ്രീധരൻ. 2019ൽ തിമിർത്തുപെയ്യുന്ന ഒരു മഴദിനത്തിലാണ് സുബൈദ മരിച്ചത്. അന്ന് ശ്രീധരൻ ഫേസ്ബുക്കിൽ കുറിച്ചതിങ്ങനെ... ‘എന്റെ ഉമ്മ അല്ലാഹുവിന്റെ വിളിക്കുത്തരം നൽകി. അവരുടെ ഖബറിടം വിശാലമാക്കി കൊടുക്കാൻ പ്രാർഥിക്കണേ’. പോസ്റ്റ് കണ്ട് കമന്റ് ബോക്സിൽ നെറ്റിചുളിച്ച ചോദ്യങ്ങളുമായി പലരുമെത്തി. അങ്ങനെ ശ്രീധരന് ആ കഥ പങ്കുവെച്ചു:
‘ഞാനാരാണ് എന്ന ചില സുഹൃത്തുക്കളുടെ സംശയം തീര്‍ക്കാനാണ് ഈ പോസ്റ്റ്. നിലമ്പൂരിനടുത്ത കാളികാവുകാരനാണ് ഞാൻ. ഇപ്പോള്‍ ഒമാനിലാണ്. ഇന്നലെ എന്റെ ഉമ്മ മരിച്ചു എന്നൊരു പോസ്റ്റിട്ടപ്പോള്‍ ചിലര്‍ക്കൊരു സംശയം. തൊപ്പിയിട്ട ഫോട്ടോ കണ്ടപ്പോള്‍ ഒരു മുസല്മാന് ശ്രീധരന് എന്നു പേരിടുമോന്ന് വേറെയൊരു സംശയം.
എനിക്ക് ഒരു വയസ്സായപ്പോള്‍ അമ്മ മരിച്ചതാണ്. ചേച്ചിമാരുമുണ്ട്. അച്ഛനുമുണ്ടായിരുന്നു. അമ്മ മരിച്ച ദിവസംതന്നെ ഞങ്ങളെ മൂന്നുപേരെയും ആ ഉമ്മയും ഉപ്പയും കൊണ്ടുവന്ന് അവരുടെ വീട്ടില്‍ താമസിപ്പിച്ചു. ഞങ്ങളെ മൂന്നുപേരെയും സ്വന്തം മക്കളെപ്പോലെ വിദ്യാഭ്യാസവും നൽകി വളര്‍ത്തി. ചേച്ചിമാര്‍ക്ക് കല്യാണപ്രായമായതോടെ അവരെ കല്യാണം കഴിപ്പിച്ചതും അവരാണ്.
ആ ഉപ്പാക്കും ഉമ്മാക്കും മക്കളില്ലാത്തതുകൊണ്ടല്ല ഞങ്ങളെ വളര്‍ത്തിയത്. അവര്‍ക്കും മൂന്നു മക്കളുണ്ട്. ഈ ചെറുപ്രായത്തിലേ ഞങ്ങളെ മൂന്നുപേരെ കിട്ടിയിട്ടും ഞങ്ങടെ ജാതി മാറ്റാന്‍ ശ്രമിച്ചിട്ടില്ല അവര്‍. പെറ്റമ്മയെക്കാള്‍ വലുതല്ല പോറ്റമ്മ എന്നു പറയാറുണ്ടെങ്കിലും ഞങ്ങള്‍ക്ക് ഇവര്‍ പോറ്റമ്മയല്ല പെറ്റമ്മതന്നെയാണ്. ആ ഉമ്മയാണ് ഇന്നലെ മരിച്ചത്.
അവസാനമായി ഒരുനോക്ക് കാണാന്‍ കഴിഞ്ഞില്ല എന്ന വേദനയാണെനിക്ക്. ഇവരൊക്കെ ഞങ്ങളെ പഠിപ്പിച്ചത് ജാതിയിലും മതത്തിലുമൊന്നും കാര്യമില്ല, നന്മയാണ് വേണ്ടതെന്നാണ്. എല്ലാ മതത്തിന്റെയും അടിത്തറ ഒന്നുതന്നെയല്ലേ? നന്മ ചെയ്യുക. എല്ലാവരെയും സ്നേഹിക്കുക. പിന്നെ തൊപ്പിയിട്ടതോണ്ട് മുസ്ലിമോ കാവിയുടുത്താല്‍ ഹിന്ദുവോ ആകില്ല. അതാണെന്റെ അഭിപ്രായം...’ശ്രീധരൻ വിശദീകരിച്ചു.
തെന്നാടന്‍ വീട്ടിലെ ജോലിക്കാരില്‍ ഒരാളായിരുന്നു അടക്കാക്കുണ്ട് മൂര്ക്കന് വീട്ടില്‍ ചക്കി. ശ്രീധരന് ഒന്നര വയസ്സുള്ളപ്പോള്‍ അവർ മരിച്ചു. ശ്രീധരനെയും ചേച്ചിമാരായ പതിനൊന്നുകാരി രമണിയെയും ആറു വയസ്സുകാരി ലീലയെയും സുബൈദ തെന്നാടന്‍ വീട്ടിലേക്ക് കൊണ്ടുവന്നു. പിന്നീട് മൂന്നു പേരുടെയും വിലാസവും മാറി. മൂര്ക്കന് വീട്ടില്‍ എന്നത് തെന്നാടന്‍ വീട്ടില്‍ എന്നായി.
മദ്റസ അധ്യാപകനായിരുന്ന അബ്ദുല്‍ അസീസ് ഹാജിക്കും സുബൈദക്കും ജനിച്ച കുട്ടികളില്‍ മൂത്തവന് ഷാനവാസ്. ജാഫറും ശ്രീധരനും സമപ്രായക്കാരായിരുന്നു. ജാഫറിനു താഴെ ജോഷിന. രമണിയും ലീലയും മണവാട്ടിമാരായി പടിയിറങ്ങിയത് തെന്നാടന്‍ വീട്ടില്‍നിന്നാണ്. വരന്മാരെ കണ്ടുപിടിക്കാനും വിവാഹം നടത്താനും ഉപ്പയും ഉമ്മയും ഓടിനടന്നു.
അഞ്ചു സെന്റ് സ്ഥലം ശ്രീധരന് വാങ്ങി. പുതിയ വീടുവെച്ചു. പിന്നീട് ശ്രീധരനും ഭാര്യ തങ്കമ്മുവും പുതിയ വീട്ടിലേക്കു മാറി. ശ്രീധരന് ഗള്‍ഫിലേക്കു പോയതിനു പിന്നാലെയാണ് ഉമ്മക്ക് വൃക്കരോഗം ബാധിച്ചതും ഗള്‍ഫിലെ സ്റ്റുഡിയോ പൂട്ടി മകന് ഷാനവാസ് നാട്ടിലെത്തിയതും. ഉമ്മയുടെ അസുഖമറിഞ്ഞ് ശ്രീധരൻ അവധിയപേക്ഷ പാസായി വരുമ്പോഴേക്കും നാട്ടില്‍നിന്ന് ഉള്ളുപൊള്ളിച്ച് വാര്‍ത്തയെത്തി.
മയ്യിത്ത് കാണാന്‍ വയ്യാത്തതിനാല്‍ ശ്രീധരന് വന്നില്ല. ഏഴു മാസം കഴിഞ്ഞാണ് നാട്ടിലെത്തിയത്. അടക്കാകുണ്ട് ജുമാ മസ്ജിദിലെ ഖബർസ്ഥാനിൽ തളിർത്തുനിൽക്കുന്ന മൈലാഞ്ചിച്ചെടിക്കരികിലെ മീസാൻകല്ലിൽ കൊത്തിയ സുബൈദയെന്ന പേരു കണ്ട് ശ്രീധരന്റെ ഉള്ളംപിടഞ്ഞു. ഉമ്മക്കായുള്ള പ്രാർഥനകളായിരുന്നു പിന്നീടങ്ങോട്ട്.
മൂന്നു വർഷം കഴിഞ്ഞ് ഉപ്പ അസീസ് ഹാജിയും മരണത്തിന് കീഴടങ്ങി. പ്രവാസജീവിതം അവസാനിപ്പിച്ച് ശ്രീധരൻ നാട്ടിലാണിപ്പോൾ. ഏതു തിരക്കിനിടയിലും ഖബർസ്ഥാനിലെത്തി പ്രാർഥിക്കാൻ ശ്രീധരൻ മറക്കാറില്ല.