2010ൽ രണ്ട് വോട്ട് ജയത്തിന്റെ ചരിത്രം, ഈനാദിയിൽ കട്ട പോരാട്ടം
text_fieldsപ്രതീകാത്മക ചിത്രം
കാളികാവ്: പഞ്ചായത്തിൽ ഇഞ്ചോടിഞ്ച് മത്സരം നടക്കുന്ന വാർഡാണ് ഈനാദി. കഴിഞ്ഞ മൂന്നു തെരഞ്ഞെടുപ്പുകളിലെയും വിജയം നിർണയിച്ച വോട്ടുകളുടെ എണ്ണത്തിൽ അത് വ്യക്തമാണ്. 2010ലെ തെരഞ്ഞെടുപ്പിൽ യു.ഡി.എഫിലെ കോൺഗ്രസ് സ്ഥാനാർഥി മമ്പാടൻ മജീദ് രണ്ടുവോട്ടിനാണ് വിജയിച്ചത്. എൽ.ഡി.എഫിലെ വാലയിൽ മജീദിനെയാണ് വോട്ടെണ്ണലിലെ ഏറെ വാഗ്വാദങ്ങൾക്കും തർക്കങ്ങൾക്കുമൊടുവിൽ മമ്പാടൻ മജീദ് തോൽപ്പിച്ചത്. 2015ൽ നടന്ന തെരഞ്ഞെടുപ്പിലും വനിത സംവരണ സീറ്റായ ഈനാദിയിൽ കോൺഗ്രസ് സ്ഥാനാർഥി സൗമ്യ ജയിച്ചത് അഞ്ചു വോട്ടിനുമാണ്.
2020ൽ നടന്ന ഏറ്റവും വാശിയേറിയ തെരഞ്ഞെടുപ്പിൽ ഇടതു പക്ഷം വാർഡ് പിടിച്ചെടുത്തു. ജനറൽ സീറ്റിൽ നടന്ന തെരഞ്ഞെടുപ്പിൽ ഇടതു സ്ഥാനാർഥി വാലയിൽ മജീദ് 40 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് പഴയ എതിരാളി മമ്പാടൻ മജീദിനെ തോൽപ്പിച്ചത്. 2025ൽ വീണ്ടും വനിത സംവരണ വാർഡായി മാറിയ ഈനാദി രണ്ടു മുന്നണികളും ജീവൻമരണ പോരാട്ടത്തിലാണ്. എൽ.ഡി.എഫ് സ്ഥാനാർഥിയായി മത്സരിക്കുന്നത് പരമ്പരാഗത കോൺഗ്രസ് കുടുംബത്തിലെ അംഗം പാർവതിയാണ്. മുൻ സി.ഡി.എസ് അധ്യക്ഷയായ ചെറുമല ഷാഹിനയാന്ന് യു.ഡി.ഫ് സ്ഥാനാർഥി. ഇതോടെ ഇത്തവണയും ഈനാദിയിൽ ഇഞ്ചോടിഞ്ച് പോരാട്ടമാണ്.


