സന്ധ്യയായാൽ കാളികാവിൽനിന്ന് ചോക്കാട്ടേക്ക് ബസില്ല
text_fieldsപ്രതീകാത്മക ചിത്രം
കാളികാവ്: സന്ധ്യയാവുന്നതോടെ നിലമ്പൂർ ഭാഗത്തേക്ക് കാളികാവിൽനിന്ന് ആവശ്യത്തിന് ബസുകളില്ലാത്തത് പ്രതിഷേധത്തിനിടയാക്കുന്നു. മലയോര മേഖലയിലെ പ്രധാന അങ്ങാടികളായ ഉദരംപൊയിൽ, പുല്ലങ്കോട്, സ്രാമ്പിക്കല്ല്, കല്ലാമൂല, ചോക്കാട് തുടങ്ങിയ കേന്ദ്രങ്ങളെ ബന്ധിപ്പിച്ച് വൈകീട്ട് ഏഴിനുശേഷം ഒറ്റ ബസ് സർവിസും ഇല്ല.
ടാപ്പിങ്, കർഷക തൊഴിലാളികൾ തിങ്ങിപ്പാർക്കുന്ന, സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന മലയോര പ്രദേശത്ത് ഗതാഗതത്തിന് പ്രധാന ആശ്രയം സ്വകാര്യ ബസുകളാണ്. കാളികാവ്-നിലമ്പൂർ മലയോര ഹൈവേ നിർമാണ പ്രവൃത്തികൾ ഏറെക്കുറെ പൂർത്തിയായ സാഹചര്യത്തിലും കാളികാവിൽനിന്ന് രാത്രി ഏഴിനുശേഷം ചോക്കാട്-പൂക്കോട്ടുംപാടം-നിലമ്പൂർ ഭാഗത്തേക്ക് ബസുകൾ സർവിസ് നടത്താത്തത് സ്ത്രീകളും കുട്ടികളുമടക്കം ദൂരദേശങ്ങളിൽനിന്നുപോലും വരുന്ന യാത്രക്കാരായ നിരവധി പേർക്ക് വീടണയാൻ പ്രയാസം സൃഷ്ടിക്കുകയാണ്.
രാത്രി ഏഴിനുശേഷം ബസുകൾ ലഭ്യമല്ലാത്തതിനാൽ കാളികാവിൽനിന്ന് ചോക്കാട്-പൂക്കോട്ടുംപാടം-നിലമ്പൂർ ഭാഗത്തേക്കുള്ള യാത്രക്കാർ നട്ടംതിരിയുന്നത് പതിവാണ്. ഈ സമയത്ത് കാളികാവ് ജങ്ഷനിൽനിന്ന് മറ്റു വാഹനങ്ങൾക്ക് കൈ കാണിച്ചും മറ്റും വീടണയേണ്ട സാഹചര്യമാണ്. കോഴിക്കോട്ടുനിന്ന് 7.05ന് കാളികാവിലെത്തുന്ന ബസാണ് നിലവിൽ കാളികാവിൽനിന്ന് ചോക്കാട്ടേക്കുള്ള അവസാന ബസ്. അതിന് ശേഷമുള്ള ബസുകൾ നിലമ്പൂർ ഭാഗത്തേക്ക് സർവിസ് നടത്തുന്നില്ല. കാളികാവിൽനിന്ന് ഏഴിനുശേഷം വണ്ടൂരിലേക്കും കരുവാരകുണ്ടിലേക്കും ബസുകൾ ഓടിക്കൊണ്ടിരിക്കെ താരതമ്യേന യാത്രക്കാർ കൂടുതലുള്ള ചോക്കാട് ഭാഗത്തേക്ക് ഇല്ലാത്തത് യാത്രക്കാരെ വലക്കുകയാണ്.
മഞ്ചേരി, പെരിന്തൽമണ്ണ പോലുള്ള സ്ഥലങ്ങളിൽനിന്ന് തിരിച്ചെത്താൻ ഉദിരംപൊയിൽ, പുല്ലങ്കോട്, സ്രാമ്പിക്കല്ല്, കേളുനായർപടി, കല്ലാമൂല, ചോക്കാട് പ്രദേശത്തുകാർ കാളികാവ് പട്ടണത്തെയാണ് ആശ്രയിക്കുന്നത്. മുമ്പ് കാളികാവിൽനിന്ന് 7.20നും 7.50നും ബസുകൾ നിലമ്പൂരിലേക്ക് ഓടിയിരുന്നു. ഇപ്പോൾ ഈ സർവിസുകൾ കാളികാവിൽ അവസാനിക്കുകയാണ്.
രാത്രിയിൽ സർവിസ് നടത്തിയാൽ നിലമ്പൂരിൽനിന്ന് 9:30ന് തിരുവനന്തപുരത്തേക്ക് പുറപ്പെടുന്ന രാജ്യറാണി ട്രെയിനിൽ പോകേണ്ട ആർ.സി.സിയിലേക്കുള്ള രോഗികളടക്കം യാത്രക്കാർക്ക് ഏറെ ഉപകാരപ്രദമാവും.
അതേപോലെ, നിലവിൽ രാത്രി 7:30ന് നിലമ്പൂരിൽനിന്ന് പുറപ്പെടുന്ന സ്വകാര്യ ബസാണ് കാളികാവ് ഭാഗത്തേക്ക് സർവിസ് നടത്തുന്ന അവസാന ബസ്. മുമ്പ് അതിനുശേഷം സ്വകാര്യബസുകൾ കാളികാവ് ഭാഗത്തേക്ക് സർവിസ് നടത്തിയിരുന്നു. എന്നാൽ ഇപ്പോൾ ഈ സർവിസുകളൊന്നും ഇല്ല. ഈ റൂട്ടിൽ രാത്രി ബസുകൾ സർവിസ് നടത്താൻ നടപടികൾ സ്വീകരിച്ച് പ്രദേശത്തുകരുടെ രാത്രിയാത്രാദുരിതത്തിന് പരിഹാരം കാണണമെന്ന് നാട്ടുകാർ നിലമ്പൂർ സബ് റീജിനൽ ട്രാൻസ്പോർട്ട് ഓഫിസർക്ക് നൽകിയ പരാതിയിൽ ആവശ്യപ്പെട്ടു.


