വീണ്ടും കടുവ; പുല്ലങ്കോട് എസ്റ്റേറ്റിൽ തൊഴിലാളിയുടെ മുന്നിൽ പശുവിനെ ആക്രമിച്ചു
text_fieldsപുല്ലങ്കോട് എസ്റ്റേറ്റിൽ കടുവ ആക്രമണത്തിൽ പരിക്കേറ്റ പശു
കാളികാവ്: പുല്ലങ്കോട് എസ്റ്റേറ്റിൽ വീണ്ടും കടുവ ആക്രമണം. മേയാൻ വിട്ട പശുവിനെ കടുവ ആക്രമിച്ച് പരിക്കേൽപ്പിച്ചു. ശനിയാഴ്ച രാവിലെ 11.30 ഓടെയാണ് കടുവ പശുവിനെ ആക്രമിച്ചത്. കടിയേറ്റ പശു പ്രാണരക്ഷാർഥം പിടയുന്നത് കണ്ട് മേയ്ക്കാൻ കൊണ്ടുവന്ന തയ്യിൽ നാസർ വടികളുമായി ഓടിയെത്തി ബഹളം വെച്ചതോടെ കടുവ കാട്ടിലേക്ക് ഓടിമറഞ്ഞു.
എടക്കാട് വനം ഇതിനടുത്താണ്. എസ്റ്റേറ്റ് ബംഗ്ലാവിന് സമീപം 52 ഏരിയയിൽ 2010 പ്ലാന്റേറേഷൻ ഭാഗത്താണ് എസ്റ്റേറ്റ് തൊഴിലാളി കുമ്മാളി ഖാലിദിന്റെ ഉടമസ്ഥതയിലുള്ള പശുവിനെ കടുവ കടിച്ച് പരിക്കേൽപ്പിച്ചത്. പശുവിന്റെ കഴുത്തിൽ ഇരുഭാഗളിലും ആഴത്തിൽ മുറിവേറ്റിട്ടുണ്ട്. കടിയേറ്റ പശു അവശനിലയിലാണ്. വാഹനത്തിലാണ് കയറ്റിയാണ് താഴെ എത്തിച്ചത്.
ഏതാണ്ട് പത്ത് മീറ്റർ അകലെ വച്ചാണ് കടുവയെ കണ്ടതെന്ന് നാസർ പറഞ്ഞു. ശനിയാഴ്ച ഈ ഭാഗത്ത് ടാപ്പിങ് ഉണ്ടായിരുന്നില്ല. ഇപ്പോൾ കടുവ ആക്രമണം നടന്നതിന്റെ 500 മീറ്റർ മീറ്റർ അടുത്ത് വരെ രാവിലെ ടാപ്പിങ് തൊഴിലാളികൾ ജോലിയെടുത്ത് മടങ്ങിയതാണ്. കഴിഞ്ഞ ജനുവരിയിൽ പുല്ലങ്കോട് റബർ എസ്റ്റേറ്റിൽ കടുവയിറങ്ങിയിരുന്നു.
എസ്റ്റേറ്റ് മാനേജരുടെ ബംഗ്ലാവിനു സമീപത്ത് കാട്ടുപന്നിയെ പിടികൂടി ഭക്ഷിച്ചിരുന്നു. സൈലന്റ്വാലിയിൽനിന്ന് വാളക്കാട് വഴി അട്ടി വന മേഖലയിലൂടെയാണ് കടുവ എത്തുന്നതെന്നാണ് കരുതപ്പെടുന്നത്. കേരള എസ്റ്റേറ്റ് പാന്തറയിൽനിന്ന് ചെങ്കോട് മലവാരത്തിലൂടെ പുല്ലങ്കോടിലേക്ക് പ്രവേശിക്കാനും എളുപ്പമാണ്.