കടുവാപ്പേടി; പുല്ലങ്കോട് എസ്റ്റേറ്റിൽ ടാപ്പിങ് നടത്തിയത് പടക്കം പൊട്ടിച്ച്
text_fieldsപുല്ലങ്കോട് എസ്റ്റേറ്റിന്റെ പ്രവേശന കവാടം
കാളികാവ്: കടുവ ഭീതിക്കിടയിലും ടാപ്പിങ് തുടർന്ന് പുല്ലങ്കോട് എസ്റ്റേറ്റിലെ തൊഴിലാളികൾ. കഴിഞ്ഞ രണ്ട് മാസത്തോളമായി വലിയ തോതിൽ പടക്കം പൊട്ടിച്ചും പ്രത്യേകം വാച്ചർമാരെ കാവൽ നിർത്തിയുമെല്ലാമാണ് ടാപ്പിങ് ഉൾപ്പടെ ജോലികൾ നടക്കുന്നത്. ശനിയാഴ്ച പശുവിനെ കടുവ പിടിച്ച 2010 പ്ലാന്റേഷൻ ഡിവിഷനിലടക്കം തിങ്കളാഴ്ച തൊഴിലാളികൾ ടാപ്പിങ് നടത്തി. അതേസമയം, വനാതിർത്തിയിലെ ബ്ലോക്കുകളിലെ മരങ്ങൾ ടാപ്പ് ചെയ്യേണ്ടെന്ന് അധികൃതർ നിർദ്ദേശിച്ചിട്ടുണ്ട്. മേഖലയിൽ എടക്കാടിൽ ഒന്നിലധികം കടുവകളും പുലിയും കാട്ടാനക്കൂട്ടവുമുണ്ടെന്നാണ് തൊഴിലാളികൾ പറയുന്നത്. ഈ വനമേഖലയിൽനിന്നാണ് എസ്റ്റേറ്റിലേക്ക് വന്യമൃഗങ്ങൾ ഇറങ്ങുന്നത്.
ശനിയാഴ്ച ഉച്ചക്ക് 12ഓടെ എസ്റ്റേറ്റിലെ 52 ഭാഗത്തെ 2010 റീപ്ലാന്റിങ് ഏരിയയിലാണ് കടുവ പശുവിനെ ആക്രമിച്ചത്. ഇതോടെ തൊഴിലാളികളും ജീവനക്കാരുമെല്ലാം ഭീതിയിലാണ്. ആക്രമണമുണ്ടായ സ്ഥലത്ത് മൂന്ന് സി.സി.ടി.വി കാമറകൾ സ്ഥാപിച്ചിരുന്നു. ഞായറാഴ്ച ഒരു ലൈവ് സ്ട്രീം കാമറയും സ്ഥാപിച്ചിട്ടുണ്ട്. രണ്ട് ദിവസത്തിനുള്ളിൽ കൂടുതൽ കാമറകൾ സ്ഥാപിക്കുമെന്ന് അധികൃതർ അറിയിച്ചു. അതേ സമയം കൂട് സ്ഥാപിക്കാനോ എസ്റ്റേറ്റിലെ മൂന്ന് തോക്കുകൾക്കും ലൈസൻസ് പുതുക്കി നൽകാനോ നടപടിയായിട്ടില്ല.
നാനൂറിലേറെ തൊഴിലാളികൾ ജോലി ചെയ്യുന്ന പുല്ലങ്കോട് എസ്റ്റേറ്റിലും തൊഴിലാളികൾ പലരും ജോലി ഉപേക്ഷിച്ചുപോയി. നേരത്തെ തൊഴിലാളികൾക്ക് സുരക്ഷ നൽകാൻ തോക്കേന്തിയ കാവൽക്കാരെ എസ്റ്റേറ്റ് നിയമിച്ചിരുന്നു. എസ്റ്റേറ്റിൽ നാലു വർഷം മുമ്പുവരെ ലൈസൻസുള്ള തോക്ക് ഉപയോഗിച്ചിരുന്നു. മാവോവാദി ഭീഷണിയുടെ പേരിലാണ് കാളികാവ് സ്റ്റേഷൻ പരിധിയിലെ മുഴുവൻ തോക്കുകളും അധികൃതർ വാങ്ങിയത്. പിന്നീടിതുവരെ തിരിച്ചു നൽകിയിട്ടില്ല. ചില വനം ഉദ്യോഗസ്ഥരുടെ ഇടപെടലിലാണ് തോക്ക് ലൈസൻസ് പുതുക്കാതിരിക്കുന്നതെന്ന് അറിയുന്നു.
എസ്റ്റേറ്റിന്റെ മൂന്നു തോക്കുകളാണ് അധികൃതർ ലൈസൻസ് പുതുക്കി നൽകാതെ പിടിച്ചുവെച്ചിട്ടുള്ളത്. ഇതിൽ പ്രതിഷേധിച്ച് വനപാലകരെ തൊഴിലാളികൾ തടഞ്ഞു വെച്ചിരുന്നു. സുരക്ഷ ഉറപ്പ് നൽകാതെ ജോലിക്കെത്താനാവില്ല എന്ന നിലപാടിലാണ് തൊഴിലാളികൾ. ഇതോടെ എസ്റ്റേറ്റ് പ്രവർത്തനം പ്രതിസന്ധിയിലാണ്.