എഴുപതേക്കറിൽ കടുവയെ കുടുക്കാൻ കെണിയെത്തി; ഇരയെ വെക്കാൻ ഫണ്ടില്ല
text_fieldsഅടക്കാകുണ്ട് എഴുപതേക്കറിൽ റൂഹാ എസ്റ്റേറ്റിൽ സ്ഥാപിക്കാൻ കൊണ്ടുവന്ന കെണി
കാളികാവ്: പത്ത് ദിവസം മുമ്പ് കടുവ പശുവിനെ കൊന്ന അടക്കാകുണ്ട് എഴുപതേക്കറിൽ വനം വകുപ്പിന്റെ കെണി എത്തി. വയനാട്ടിൽനിന്ന് കൊണ്ടുവന്ന കെണി വെള്ളിയാഴ്ച രാവിലെ പതിനൊന്നോടെയാണ് അമ്പതേക്കർ റൂഹാ എസ്റ്റേറ്റിൽ സ്ഥാപിച്ചത്. പശുവിനെ കടിച്ച് കൊന്നതിന്റെ പിറ്റേ ദിവസവും അതേ സ്ഥലത്ത് കടുവയെത്തിയത് വനം വകുപ്പ് കാമറയിൽ ദൃശ്യമായിരുന്നു. ഇതോടെ നാട്ടുകാർ കടുവയെ പിടികൂടണമെന്ന ആവശ്യവുമായി രംഗത്തെത്തിയിരുന്നു.
എന്നാൽ, കെണിക്കകത്ത് ഇരയെ വെക്കാൻ നിലവിൽ ഫണ്ടില്ലെന്നാണ് വനം ഉദ്യോഗസ്ഥർ പറയുന്നത്. ഇരയായി ആടിനെ വെക്കണമെങ്കിൽ പതിനായിരത്തോളം രൂപ വരും. ഇരവെക്കുന്നതിനുള്ള ഫണ്ട് ലഭ്യമാക്കാൻ വനം ഉദ്യോഗസ്ഥർ കാളികാവ് ഗ്രാമപഞ്ചായത്ത് ഭരണസമിതിയുമായി ബന്ധപ്പെട്ടു. എന്നാൽ ഇക്കാര്യത്തിൽ എന്ത് ചെയ്യാൻ കഴിയുമെന്ന് ഉന്നത തലത്തിൽ അന്വേഷിച്ച് തീരുമാനമെടുക്കുമെന്ന് പഞ്ചായത്ത് പ്രസിഡന്റ് പി. ഷിജിമോൾ പറഞ്ഞു.
ഈ മാസം 19നാണ് എഴുപതേക്കറിന് സമീപത്തെ റബർ തോട്ടത്തിലെ റാട്ടയോട് ചേർന്ന തൊഴുത്തിൽ കെട്ടിയിട്ട പശുക്കിടാവിനെ കടുവ കടിച്ച് കൊണ്ടുപോയി തിന്നത്. എസ്റ്റേറ്റിലെ റാട്ടപ്പുരയോട് ചേർന്ന തൊഴുത്തിൽ കെട്ടിയിട്ട നാല് പശുക്കളിലൊന്നിനെയാണ് കൊന്നത്.
റാവുത്തൻ കാട്ടിലെ കടുവ ആക്രമണത്തെ തുടർന്ന് വനം വകുപ്പ് പ്രദേശത്ത് കെണി വെച്ച് ഒരു പുലിയെയും സുൽത്താന എസ്റ്റേറ്റിൽ വെച്ച് ഒരു കടുവയെയും പിടികൂടിയിരുന്നു. ഇതോടെ മേഖലയിലെ കടുവ ശല്യം തൽക്കാലികമായി ശമിച്ചുവെന്ന് ആശ്വസിച്ച് കഴിയുന്നതിനിടയിലാണ് വീണ്ടും കടുവ ആക്രമണം ഉണ്ടായത്.