വി.ഇ.ഒമാരുടെ സമരം തുടരുന്നു; തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ പ്രതിസന്ധിയിൽ
text_fieldsകാളികാവ്: സംസ്ഥാന വ്യാപകമായി വി.ഇ.ഒമാർ നടത്തുന്ന സമരം കാരണം ജില്ലയിലെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിൽ പ്രതിസന്ധി. അവധിയെടുത്തും നിസഹകരിച്ചും പ്രതിഷേധം കടുപ്പിക്കുകയാണ് ആയിരത്തിലധികം വി. ഇ.ഒമാർ. പ്രശ്നം ജോയന്റ് കൗൺസിൽ ഏറ്റെടുത്ത് തദ്ദേശവകുപ്പ് പ്രിൻസിപ്പൽ ഡയറക്ടറേറ്റിന് മുന്നിൽ കഴിഞ്ഞ ദിവസം ധർണ നടത്തി. ഇത് തുടർന്നാൽ കേന്ദ്രപദ്ധതികളുടെ നിർവഹണം ഉൾപ്പടെ പ്രതിസന്ധിയിലാണ്.
സംസ്ഥാന വ്യാപകമായി സർക്കാർ കൊണ്ടുവന്ന പുതിയ പരിഷ്കാരത്തിനെതിരെയാണ് വി.ഇ.ഒമാരുടെ പ്രതിഷേധം. പുതിയ പരിഷ്കാര പ്രകാരം വി.ഇ.ഒമാർ പഞ്ചായത്ത് ഓഫിസുകളിൽ ഒപ്പിടണമെന്ന നിർദേശം സർക്കാർ പിൻവലിച്ചുവെങ്കിലും മറ്റു നിർദ്ദേശങ്ങൾ നിലനിൽക്കുകയാണ്. ഇന്റർ ട്രാൻസ്ഫർ നടപ്പാക്കണമെന്ന വി.ഇ.ഒമാരുടെ ആവശ്യം പരിഗണിച്ചിട്ടില്ലെന്ന് ഉദ്യോഗസ്ഥർ പറയുന്നു.
ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറിക്ക് കീഴിൽ പ്രവർത്തിച്ച വി.ഇ.ഒമാരെ പഞ്ചായത്ത് സെക്രട്ടറിക്ക് കീഴിലേക്ക് മാറ്റിയതാണ് പ്രശ്നങ്ങൾക്ക് തുടക്കം. വി.ഇ.ഒമാർ പഞ്ചായത്ത് സെക്രട്ടറി മുമ്പാകെ ഹാജർ രേഖപ്പെടുത്തി, അവിടെ നിന്ന് ഡ്യൂട്ടി സർട്ടിഫിക്കറ്റ് വാങ്ങി ബ്ലോക്കിൽ നൽകിയാലേ ശമ്പളം അനുവദിക്കൂ എന്ന ഉത്തരവാണ് വി.ഇ.ഒമാരെ പ്രകോപിപ്പിച്ചത്. പിന്നാലെ, പഞ്ചായത്ത് ഓഫിസ് വളപ്പിൽ ഓഫിസുള്ള വി.ഇ.ഒമാർ മാത്രം റിപ്പോർട്ട് ചെയ്താൽ മതിയെന്ന് ഉത്തരവ് മയപ്പെടുത്തിയെങ്കിലും അമിതജോലി അടിച്ചേൽപ്പിച്ചും ഒഴിവുള്ള വി.ഇ.ഒമാർക്ക് പകരക്കാരെ നിയമിക്കാതെ ഈ ജോലിയും തൊട്ടടുത്ത വി.ഇ.ഒ നിർവഹിക്കേണ്ട സ്ഥിതിയാണെന്നും ഇവർ ചൂണ്ടിക്കാട്ടുന്നു.
പഞ്ചായത്ത് ഓഫിസിലെ ക്ലർക്കിന് ബ്ലോക്ക് പഞ്ചായത്തിലേക്കോ നഗരസഭയിലേക്കോ കോർപറേഷനിലേക്കോ സ്ഥലം മാറാം. വി.ഇ.ഒമാർക്ക് ഈ സംവിധാനം ഇല്ല. ഇപ്പോൾ പുതുതായി വി.ഇ.ഒ നിയമനം ഇല്ല.
ഇനി ഒഴിവു വന്നാൽ എൽ.ഡി ക്ലാർക്ക് പട്ടികയിൽനിന്ന് നിയമിക്കാനാണ് തീരുമാനം. ഈ നിയമനവും നടക്കുന്നില്ല. ശമ്പളം എൽ.ഡി ക്ലാർക്കിന്റേതാണെങ്കിലും ജോലി പഞ്ചായത്ത് സെക്രട്ടറിയെക്കാൾ കൂടുതലായതിനാൽ ഈ ചുമതലയിലേക്ക് എത്താൻ എൽ.ഡി ക്ലാർക്കുമാർ തയാറായിട്ടില്ല. അതിനാൽ വി.ഇ.ഒമാർക്ക് ഇന്റർട്രാൻസ്ഫർ അനുവദിച്ചിട്ടുമില്ല. നിരവധി വി.ഇ.ഒ തസ്തികകൾ ഇപ്പോൾ ഒഴിഞ്ഞു കിടക്കുകയാണ്.
ഗ്രാമപഞ്ചായത്തുകളുടെ ദാരിദ്ര്യനിർമാർജന, സേവന പ്രോജക്ടുകളുടെ നിർവഹണം, ഗ്രാമസഭ, ശുചിത്വമിഷൻ, പഞ്ചായത്ത് പ്ലാൻ, പി.എം.കെ.എസ്.വൈ, എം.കെ.എസ്.പി, സ്വയംസഹായസംഘം, ബയോഗ്യാസ് പദ്ധതി എന്നിവയുടെ സംയോജനവും നിർവഹിക്കേണ്ടത് ഇവരാണ്. നവംബർ ഒന്നിന് ശേഷം ഇതുമായി ബന്ധപ്പെട്ട യാതൊരു ജോലികളും ഒരിടത്തും നടക്കുന്നില്ല.