Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightKalikavuchevron_rightവണ്ടൂർ മണ്ഡലം; കൂടുതൽ...

വണ്ടൂർ മണ്ഡലം; കൂടുതൽ ശക്തമായി യു.ഡി.എഫ്

text_fields
bookmark_border
Kerala Local Body Election
cancel
camera_alt

പ്രതീകാത്മക ചിത്രം

കാളികാവ്: യു.ഡി.എഫ് ഇളകാത്ത കോട്ടയായി അറിയപ്പെടുന്ന വണ്ടൂർ നിയമസഭ മണ്ഡലത്തിൽ തദ്ദേശ തെരഞ്ഞെടുപ്പ് ഫലം വന്നതോടെ മുന്നണിക്ക് സമ്പൂർണ ആധിപത്യം. മണ്ഡലത്തിൽ ഉൾപ്പെടുന്ന കരുവാരകുണ്ട്, മമ്പാട്, തിരുവാലി പഞ്ചായത്തുകൾ എൽ.ഡി.എഫിൽ നിന്നും യു.ഡി.എഫ് തിരിച്ച് പിടിക്കുകയും വണ്ടൂർ, പോരൂർ, തുവ്വൂർ, കാളികാവ്, ചോക്കാട് പഞ്ചായത്തുകളിൽ ഭരണം നിലനിർത്താനാവുകയും ചെയ്തു. ഇതോടെ ആസന്നമായ നിയമസഭ തെരഞ്ഞെടുപ്പിൽ ഇടത് മുന്നണിക്ക് മണ്ഡലത്തിൽ വലിയ ഭീഷണി ഉയർത്താനാവില്ലെന്ന പ്രതീക്ഷയിലാണ് യു.ഡി.എഫ്

2021 ലെ നിയമസഭ തെരഞ്ഞെടുപ്പിൽ മണ്ഡലത്തില്‍ തുടര്‍ച്ചയായി അഞ്ചാമതും എ.പി. അനിൽകുമാർ വിജയിച്ചിരുന്നു. ലീഗ് വിട്ട് സി.പി.എമ്മില്‍ ചേക്കേറിയ പള്ളിക്കലിലെ പി. മിഥുനയെ അനിൽകുമാറിനെതിരെ രംഗത്തിറക്കിയെങ്കിലും അനിൽകുമാറിന് വെല്ലുവിളി ഉയർത്താൻ അവർക്കായില്ല. അനിൽകുമാർ 87,415 വോട്ടുകൾ നേടിയപ്പോൾ പി.മിഥുനക്ക് അനുകൂലമായി രേപ്പെടുത്തിയത് 7,1852 വോട്ടുകളാണ്.15,563 വോട്ടുകൾക്കാണ് അനിൽകുമാർ ജയിച്ചു കയറിയത്.

1996ലെ തെരഞ്ഞെടുപ്പിലാണ് ചരിത്രത്തിലാദ്യമായി വണ്ടൂര്‍ ഇടതു പക്ഷം പിടിച്ചെടുത്തത്. അന്ന് നാട്ടുകാരനായ എന്‍. കണ്ണന്‍ കോണ്‍ഗ്രസ് നേതാവും സിറ്റിങ് എം.എല്‍.എയുമായ പന്തളം സുധാകരനെയാണ് തോല്‍പിച്ചത്. പിന്നീട് 2001ല്‍ വണ്ടൂരിലെത്തിയ എ.പി അനില്‍കുമാറിലൂടെ മണ്ഡലം തിരിച്ചു പിടിച്ച യു.ഡി.എഫിനു തിരിഞ്ഞു നോക്കേണ്ടി വന്നിട്ടില്ല. 2011ല്‍ എല്‍.ഡി.എഫിലെ വി. രമേശനെ 28,000ല്‍പരം വോട്ടിനും 2016ല്‍ കെ.നിശാന്തിനെ 23,000ൽ പരം വോട്ടിനും പരാജയപ്പെടുത്തിയിരുന്നു.

2016നെ അപേക്ഷിച്ച് 2021 ലെ നിയമസഭ തെരഞ്ഞെടുപ്പിൽ യു.ഡി.എഫ് ഭൂരിപക്ഷത്തിലുണ്ടായ 8000ഓളം വോട്ടിന്റെ കുറവ് യു.ഡി.എഫിനെ ഞെട്ടിച്ചിരുന്നു. എന്നാൽ ഇപ്പോൾ നടന്ന ത്രിതല പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ ജില്ല-ബ്ലോക്ക്-ഗ്രാമ പഞ്ചായത്തുതലങ്ങളിൽ യു.ഡി.എഫിന് ലഭിച്ച ഉയർന്ന വോട്ടു വിഹിതം മുന്നണിക്ക് ആത്മവിശ്വാസം പകരുന്നതാണ്. കരുവാരകുണ്ട് അടക്കമുള്ള പഞ്ചായത്തുകളിൽ കോൺഗ്രസിനും ലീഗിനുമിടയിലുള്ള പടലപ്പിക്കണവും മുന്നണിയിലെ പതിവ് വിള്ളലുകളും പരിഹരിക്കാനായതാണ് യു.ഡി.എഫിന് പ്രധാന നേട്ടമായത്.

വന്യ മൃഗശല്യത്തിനെതിരെയുള്ള കിഫ അടക്കമുള്ള കർഷക സംഘടനകളുടെ നിശ്ശബ്ദമായ പ്രതിഷേധവും യു.ഡി.എഫിനെ തുണച്ചുവെന്ന് വേണം കരുതാൻ. തദ്ദേശ തെരഞ്ഞെടുപ്പിൽ പഞ്ചായത്തുകളിലുണ്ടായ കുതിപ്പ് നിയമസഭ തെരഞ്ഞെടുപ്പിലും തുടരാനാണ് സാധ്യതയെന്നാണ് പൊതുവേയുള്ള വിലയിരുത്തൽ.

Show Full Article
TAGS:Kerala Local Body Election Election results victory celebration election victory 
News Summary - Wandoor constituency; UDF is stronger
Next Story