ഒടുക്കമില്ലാതെ വന്യജീവി ഭീഷണി; വെളിച്ചമില്ലാതെ ആദിവാസി വീടുകൾ
text_fieldsചിങ്കക്കല്ലിൽ വൈദ്യുതി ലഭിക്കാത്ത കുട്ടന്റെയും മാതിയുടെയും വീടുകൾ
കാളികാവ്: കാട്ടാനകൾക്കും കടുവക്കുമിടയിൽ വൈദ്യുതി പോലുമില്ലാതെ ആദിവാസി വീടുകൾ. ചോക്കാട് ചിങ്കക്കല്ല് ആദിവാസി നഗറിലാണ് വെളിച്ചം പോലുമില്ലാതെ ആദിവാസികൾ ജീവിക്കുന്നത്. ഇരുപതോളം കുടുംബങ്ങളാണ് ഇവിടെ വനമധ്യത്തിൽ കഴിയുന്നത്. അടിസ്ഥാന സൗകര്യങ്ങളൊന്നുമില്ലാത്ത ഇവിടെ അധികാരികൾ എത്തി നോക്കുന്നില്ലെന്നാണ് പരാതി. നേരം ഇരുട്ടുന്നതോടെ കാട്ടാനകളും മറ്റു മൃഗങ്ങളും ഇറങ്ങും. കാട്ടാന വീട്ടുമുറ്റത്ത് വന്നുനിന്നാൽ പോലും അറിയില്ല. പ്ലാസ്റ്റിക് ഷെഡുകളിലും കൊച്ചുവീടുകളിലുമാണ് ഇവർ കഴിയുന്നത്.
ആദിവാസികളായ കുട്ടൻ, മാതി, വിജയൻ, ഗീത എന്നിവർക്കാണ് വൈദ്യുതി കണക്ഷൻ പോലുമില്ലാത്തത്. ഇതിൽ ഗീത അന്തിയുറങ്ങുന്നത് പ്ലാസ്റ്റിക് വലിച്ചു കെട്ടിയ ഷെഡിലാണ്. ഒട്ടേറെ പരാതി നൽകിട്ടും വഴിവിളക്ക് സ്ഥാപിക്കാൻ പോലും അധികൃതർ തയാറായിട്ടില്ല. 2022-‘23 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി ഒന്നര ലക്ഷം ചെലവഴിച്ച് സ്ഥാപിച്ച മിനി ഹൈമാസ്റ്റ് ലൈറ്റ് ഒരാഴ്ച പോലും പ്രകാശിച്ചിട്ടില്ല. ചെറിയ തകരാർ മാത്രമുള്ള ലൈറ്റ് നന്നാക്കാൻ രണ്ടു വർഷത്തോളമായിട്ടും ബന്ധപ്പെട്ടവർ ശ്രമിച്ചിട്ടില്ല.
കാട്ടാനക്കൂട്ടം വീട്ടുമുറ്റത്ത് നിൽക്കുന്ന ശബ്ദം കേട്ട് പേടിച്ചു വിറച്ചാണ് കുടുംബങ്ങൾ കഴിയുന്നത്. കുടിവെള്ളമോ പ്രാഥമിക കൃത്യങ്ങൾക്കുള്ള സൗകര്യമോ ഒരു കുടുംബത്തിനുമില്ല. ചോലയിൽനിന്നുള്ള കുടിവെള്ളമാണ് ഉപയോഗിക്കുന്നത്. വീടുകൾക്കടുത്തേക്ക് കാട്ടാന വരുന്നത് തടയാൻ യാതൊരു മാർഗവുമില്ല. നേരത്തെ വനംവകുപ്പിന്റെ സോളാർ സ്ട്രീറ്റ് ലൈറ്റ് സ്ഥാപിച്ചിരുന്നതും ഇപ്പോൾ പ്രകാശിക്കുന്നില്ല. ആദിവാസികളുടെ വീടുകൾ വനത്തോട് ചേർന്നാണ് നിർമിച്ചിട്ടുള്ളത്. നിലവിലുള്ള വീടുകൾ പലതും ജീർണാവസ്ഥയിലുമാണ്. ആദിവാസികളുടെ ക്ഷേമത്തിനായി പ്രവർത്തിക്കുന്ന ഐ.ടി.ഡി.പി യുടെ ഒരാളും ഈ ഭാഗത്തേക്ക് തിരിഞ്ഞു നോക്കുന്നില്ലെന്ന് ആദിവാസികൾ പറഞ്ഞു.