പത്തിൽ പകിട്ടായി 14 ജോഡി ഇരട്ടകൾ -അനിൽ വളവന്നൂർ
text_fieldsകല്ലിങ്ങൽപറമ്പ് എം.എസ്.എം.എച്ച്.എസ്.എസിലെ
14 ജോഡി ഇരട്ടകൾ
കൽപകഞ്ചേരി: പത്താംക്ലാസ് പരീക്ഷയെഴുതാൻ കല്ലിങ്ങൽ പറമ്പ് എം.എസ്.എം ഹയർസെക്കൻഡറി സ്കൂളിൽനിന്ന് 14 ജോഡി ഇരട്ടകൾ. സ്കൂളിന്റെ ചരിത്രത്തിലാദ്യമായാണ് ഇത്രയും അധികം ഇരട്ടകള്‍ ഒരുമിച്ച് പത്താംക്ലാസ് പരീക്ഷയെഴുതുന്നത്. 14 ഡിവിഷനുകളിൽ ആയി 18 ആൺകുട്ടികളും 12 പെൺകുട്ടികളുമാണുള്ളത്. ഇതിൽ മൂന്ന് കുട്ടികൾ വീതമുള്ള രണ്ട് ജോഡി കുട്ടികളുമുണ്ട്. ഒന്നാം ക്ലാസ് മുതൽ ഒന്നിച്ചായിരുന്നു ഇവരുടെ പഠനം. തുടക്കത്തിൽ കുട്ടികളെ കണ്ടു മനസ്സിലാക്കാൻ അധ്യാപകർക്ക് ഏറെ പ്രയാസമായിരുന്നു.
പിന്നീട് ഓരോ അടയാളങ്ങൾ കണ്ടെത്തിയാണ് തിരിച്ചറിഞ്ഞത്. സ്കൂളിൽനിന്ന് 606 കുട്ടികളാണ് ഈ വർഷം പരീക്ഷ എഴുതുന്നത്. പഠനത്തിൽ പിന്നാക്കം നിൽക്കുന്ന വിദ്യാർഥികൾക്കും മികച്ചുനിൽക്കുന്ന വിദ്യാർഥികൾക്കും പ്രത്യേകം ക്ലാസുകൾ സംഘടിപ്പിക്കുന്നുണ്ട്.
പഠനസമ്മർദവും പ്രശ്നങ്ങളും കുറക്കാൻ മോട്ടിവേഷൻ ക്ലാസുകളും രാത്രികാല പഠന ക്യാമ്പും സ്കൂളിൽ നടന്നുവരുന്നുണ്ട്. മാർച്ച് നാലിന് ആരംഭിക്കുന്ന എസ്.എസ്.എൽ.സി പരീക്ഷക്കുള്ള എല്ലാ തയാറെടുപ്പുകളും നടത്തി ഈ വർഷം സ്കൂളിന് അഭിമാനനേട്ടം നേടിക്കൊടുക്കുമെന്ന് ഇരട്ട സംഘങ്ങൾ പറഞ്ഞു.