വോട്ടർമാരെ പാട്ടിലാക്കി മുജീബ് തൃത്താല
text_fieldsമുജീബ് തൃത്താല
തെരഞ്ഞെടുപ്പ് ഗാനം
ആലപിക്കുന്നു
കൽപകഞ്ചേരി: സ്ഥാനാർഥികൾക്കുവേണ്ടി വോട്ട് അഭ്യർഥിച്ചുകൊണ്ടുള്ള പാരഡി ഗാനങ്ങൾ തയാറാക്കുന്ന തിരക്കിലാണ് കൽപകഞ്ചേരി കടുങ്ങാത്തുകുണ്ട് സ്വദേശി മുജീബ് തൃത്താല. സ്ഥാനാർഥിയെ പുകഴ്ത്തിയും എതിരാളിയെ താഴ്ത്തിയും പാരഡി പാട്ടുകൾ സ്വയം എഴുതി പാടുകയാണ് ഈ കലാകാരൻ. രണ്ടത്താണി നബ്ര റെക്കോർഡിങ് സ്റ്റുഡിയോയിൽനിന്ന് 30ലധികം പാട്ടുകൾ ഇതിനോടകം മുജീബിന്റെ ശബ്ദത്തിൽ പുറത്തിറങ്ങി.
സിനിമ പാട്ടുകളെക്കാൾ കൂടുതൽ ഡിമാൻഡ് മാപ്പിള പാട്ട് പാരഡി ഗാനങ്ങൾക്കാണ്. ബിസിനസുകാരനായ മുജീബ് തന്റെ തിരക്കിട്ട ജോലികൾക്കിടയിലും പാരഡി ഗാനങ്ങൾ മണിക്കൂറുകൾക്കകം സ്ഥാനാർഥികൾക്ക് റെക്കോർഡ് ചെയ്തു നൽകുകയാണ്. സമകാലിക സംഭവങ്ങൾ കോർത്തിണക്കിയാണ് പാട്ടുകൾ എഴുതുന്നത്. സാഹിത്യകാരൻ ചെറിയമുണ്ടം റസാക്ക് മൗലവിയുടെ രചനയിൽ മുജീബ് തൃത്താല ആലപിച്ച മാലിന്യത്തിനെതിരെയുള്ള ബോധവത്കരണ ഗാനം സംസ്ഥാനതലത്തിൽ തന്നെ ഏറെ ശ്രദ്ധ നേടിയിരുന്നു. ഭാര്യ: സാജിത, മക്കൾ: സജ്ജാദലി, അൻഷിദ.


