മാലിന്യസംസ്കരണം താറുമാറായി; ചീഞ്ഞുനാറി നരിയറക്കുന്ന്
text_fieldsനരിയറക്കുന്ന് എം.സി.എഫിനോട് ചേർന്ന സ്ഥലത്ത് തള്ളിയ മാലിന്യം
കൽപകഞ്ചേരി: ചെറിയമുണ്ടം ഗ്രാമപഞ്ചായത്ത് നരിയറക്കുന്നിലെ മാലിന്യകൂമ്പാരം നാട്ടുകാർക്ക് ദുരിതമാകുന്നു. മാലിന്യങ്ങൾ ശേഖരിക്കാൻ 2020ൽ നരിയറക്കുന്നിൽ നിർമിച്ച മെറ്റീരിയൽ കലക്ഷൻ ഫെസിലിറ്റി സെൻററിനോട് (എം.സി.എഫ്) ചേർന്ന പൊതുസ്ഥലത്താണ് ഹരിതകർമ സേന ശേഖരിച്ച മാലിന്യം കുമിഞ്ഞുകൂടി കിടക്കുന്നത്.
നാൽപതിലധികം കുടുംബങ്ങളാണ് ഈ പ്രദേശത്ത് താമസിക്കുന്നത്. താമരശ്ശേരി ആസ്ഥാനമായി പ്രവർത്തിക്കുന്ന ഗ്രീൻസ് വോംസ് എന്ന സ്ഥാപനമാണ് മൂന്നുമാസം കൂടുമ്പോൾ മാലിന്യം കൊണ്ടുപോകുന്നത്. എന്നാൽ, മാലിന്യം വേർതിരിക്കാനുള്ള ജീവനക്കാരുടെ കുറവ് മൂലം ചാക്കുകൾ കൂട്ടത്തോടെ കെട്ടിക്കിടക്കുകയാണ്. ഇക്കാര്യം പഞ്ചായത്ത് അധികൃതരെ നിരവധി തവണ അറിയിച്ചെങ്കിലും ആരും തിരിഞ്ഞുനോക്കിയില്ലെന്ന് പ്രദേശവാസികൾ പറഞ്ഞു. കൂടാതെ കെട്ടിടത്തിന്റെ മറവിൽ രാത്രി കാലങ്ങളിൽ പഴകിയ ഭക്ഷണങ്ങളും അറവു മാലിന്യങ്ങളും പ്ലാസ്റ്റിക് കവറുകളിലാക്കി ഇരുട്ടിന്റെ മറവിൽ സാമൂഹികവിരുദ്ധർ ഇവിടെ കൊണ്ട് തള്ളുന്നതും പതിവാണ്. പ്രദേശത്ത് മഞ്ഞപിത്തം പോലുള്ള രോഗങ്ങൾ സ്ഥിരീകരിച്ചത് നാട്ടുകാരിൽ ആശങ്കയ്ക്ക് ഇടയാക്കുന്നുണ്ട്. എത്രയും വേഗം മാലിന്യങ്ങൾ നീക്കം ചെയ്ത് സാംക്രമിക രോഗങ്ങൾ തടയാനുള്ള നടപടികൾ അധികൃതരുടെ ഭാഗത്തുനിന്നും ഉണ്ടാകണമെന്നും ആവശ്യപ്പെട്ടു.
‘നരിയറക്കുന്നിലെ മാലിന്യ പ്രശ്നം പരിഹരിക്കണം’
കൽപകഞ്ചേരി: നരിയറക്കുന്നിലെ ജനങ്ങളെ ദുരിതത്തിലാക്കുന്ന മാലിന്യ പ്രശ്നത്തിന് അധികൃതർ ഉടൻ പരിഹാരം കാണണമെന്ന് വെൽഫെയർ പാർട്ടി ചെറിയമുണ്ടം പഞ്ചായത്ത് കമ്മിറ്റി ആവശ്യപ്പെട്ടു. അല്ലാത്തപക്ഷം നാട്ടിലെ മുഴുവൻ ജനങ്ങളെയും പങ്കെടുപ്പിച്ചുകൊണ്ട് പഞ്ചായത്തിലേക്ക് ബഹുജന മാർച്ച് നടത്താനും തീരുമാനിച്ചു.
പ്രസിഡൻറ് ഷറഫുദ്ദീൻ കൊളാടി, ഡോ. ജൗഹർ ലാൽ, ഹംസ മണ്ടകത്തിങ്ങൽ, സി. ബീരാൻ കുട്ടി, എം.എം. റഹീന എന്നിവർ സംസാരിച്ചു.