108 ആംബുലൻസ്: ടെൻഡർ തുകക്ക് പുറത്ത് കരാർ കമ്പനി കോടികൾ നേടി
text_fieldsപ്രതീകാത്മക ചിത്രം
മലപ്പുറം: കനിവ് 108 ആംബുലൻസ് ഓപറേറ്റ് ചെയ്യുന്ന പദ്ധതിയിൽ കോടികളുടെ അഴിമതി നടന്നെന്ന യു.ഡി.എഫ് ആരോപണത്തിനിടെ, ടെൻഡർ നേടിയ കമ്പനി 3,44,22,224 കി.മീ. അധിക സർവിസ് നടത്തി സർക്കാറിൽനിന്ന് കോടികൾ കൈപ്പറ്റിയതായി വിവരം. ടി. സിദ്ദീഖ് എം.എൽ.എയുടെ ചോദ്യത്തിന് ആരോഗ്യമന്ത്രി വീണ ജോർജ് നിയമസഭയിൽ നൽകിയ മറുപടിയിലാണ് ജി.വി.കെ ഇ.എം.ആർ.ഐ എന്ന കമ്പനി കൂടുതൽ ദൂരം സർവിസ് നടത്തിയതായി കാണിച്ച് ടെൻഡറിന് പുറത്ത് കോടികൾ നേടിയതിന്റെ വിവരങ്ങൾ പുറത്തുവന്നത്.
2019 മുതൽ അഞ്ചു വർഷത്തേക്ക് ഉറപ്പിച്ച 108 ആംബുലൻസ് പദ്ധതിയുടെ ടെൻഡറിൽ പ്രതിമാസം 1000 കി.മീ. വീതം 165 ആംബുലൻസുകൾ 12 മണിക്കൂർ പ്രവർത്തിക്കാനും, 150 ആംബുലൻസുകൾ 24 മണിക്കൂർ പ്രവർത്തിക്കാനുമായുള്ള തുകയാണ് വ്യവസ്ഥ ചെയ്തിരിക്കുന്നത്. ഇതിനുപുറമെ ടെൻഡർ കാലയവളവിൽ ആംബുലൻസുകൾ 3,44,22,224 കി.മീ. അധിക ദൂരം ഓടിയെന്നാണ് നിയമസഭ ചോദ്യത്തിനുള്ള മറുപടിയിൽ വെളിപ്പെടുത്തിയിരിക്കുന്നത്.
2019-20ൽ 15,19,097 കി.മീയും 2020-21ൽ 86,91,989 കി.മീയും 2021-22ൽ 72,36,861 കി.മീയും 2022-23ൽ 83,67,452 കി.മീയും 2023-24ൽ 86,06,825 കി.മീയും അധിക സർവിസ് നടത്തിയതായി ആരോഗ്യമന്ത്രി വീണ ജോർജ് നൽകിയ മറുപടിയിൽ പറയുന്നു. ഇതിലൂടെ സർക്കാർ ടെൻഡറിന് പുറത്ത് എത്ര തുക, കരാർ കമ്പനിക്ക് അധികമായി നൽകിയെന്ന് വെളിപ്പെടുത്തിയിട്ടില്ല. 2019-24 കാലഘട്ടത്തിൽ മന്ത്രിസഭയുടെ പ്രത്യേക അനുമതിയോടെ 517 കോടി രൂപക്കാണ് 315 ആംബുലൻസുകളുടെ നടത്തിപ്പ് അഞ്ചു വർഷത്തേക്ക് സെക്കന്ദരാബാദ് ആസ്ഥാനമായ ജി.വി.കെ ഇ.എം.ആർ.ഐ കമ്പനിക്ക് കരാർ നൽകിയത്.
പിന്നീട് ഒരു ആംബുലൻസ് കൂടി ചേർത്ത് 316 ആക്കി. ആദ്യം ടെൻഡർ നൽകിയ രണ്ടു കമ്പനികളിൽ ഒന്നിനെ അയോഗ്യരാക്കിയശേഷം ടെൻഡർ തന്നെ റദ്ദാക്കി. രണ്ടാമത് ക്ഷണിച്ച ടെൻഡറിൽ ജി.വി.കെ ഇ.എം.ആർ.ഐ മാത്രമായിരുന്നു പങ്കെടുത്തത്. എന്നിട്ടും ആ ടെൻഡർ അംഗീകരിക്കുകയും ഉയർന്ന തുകക്ക് പ്രത്യേക അനുമതിയോടെ മന്ത്രിസഭ പ്രത്യേകാനുമതി നൽകുകയും ചെയ്തു. എന്നാൽ, 2025-30 കാലത്തേക്ക് 335 ആംബുലൻസുകളുടെ നടത്തിപ്പിന് ഇതേ കമ്പനി ടെൻഡർ എടുത്തത് 293 കോടി രൂപക്ക് മാത്രമാണ്. ചെലവ് വർധിച്ചിട്ടും കഴിഞ്ഞ തവണത്തേതിന്റെ പകുതി തുകയിൽ കൂടുതൽ ആംബുലൻസുകൾ ഓടിക്കാൻ കമ്പനിക്ക് കഴിയുമെങ്കിൽ 2019ലെ പ്രത്യേക മന്ത്രിസഭ അനുമതിക്ക് പിന്നിൽ വൻ തട്ടിപ്പ് അരങ്ങേറിയിട്ടുണ്ടെന്ന് കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല ആരോപിക്കുന്നു.


