തൊപ്പിയിൽ ജീവിതം തുന്നി മഹല്ല് ഖതീബ്
text_fieldsഅബ്ദുസ്സലാം ഫൈസി തൊപ്പി നിർമാണത്തിൽ
കോവിഡ് കാലത്തെ സാമ്പത്തിക പ്രതിസന്ധിയെ മറികടക്കാൻ തൊപ്പി നിർമിച്ച് ജീവിതം കരുപ്പിടിപ്പിക്കുകയാണ് പൂവത്താണി സ്വദേശിയും താഴേക്കോട് മാരാമ്പറ്റകുന്ന് മഹല്ല് ഖതീബും ഹിദായത് സുബിയാൻ മദ്റസ സദർ മുഅല്ലിമുമായ മേലേത്തലക്കൽ അബ്ദുസ്സലാം ഫൈസി. മദ്റസ അധ്യാപകർ നേരിടുന്ന സാമ്പത്തിക പ്രയാസങ്ങൾ സങ്കീർണമാവുന്നതിനിടെയാണ് സ്വപ്രയത്നം കൊണ്ട് ഇദ്ദേഹം ശ്രദ്ധേയനാകുന്നത്.
രണ്ടുവർഷം ഖത്തറിലെ തോപ്പ് കടയിൽ സുഡാനികളുടെ വസ്ത്രം തുന്നിയുള്ള മുൻപരിചയമുണ്ട്. ലോക്ഡൗൺ തുടങ്ങിയപ്പോൾ സ്വന്തം ആവശ്യത്തിനാണ് തൊപ്പിതുന്നി നോക്കിയത്.
നന്നായതായി തോന്നിയപ്പോൾ കൂടുതൽ തയിച്ച് വിൽപനക്ക് തയാറാക്കുകയായിരുന്നു. രണ്ടും മൂന്നും അടുക്കുകളുള്ളതും വാലുള്ളതുമായ വിവിധ മോഡലുകളും തയ്ച്ച് തുടങ്ങി. ഇത് വിവിധ കടകളിൽ എത്തിക്കാൻ തന്നെ സഹായിക്കുന്ന സുഹൃത്തിനും ഇതോടെ തൊഴിൽ ലഭിച്ചു.
കുടിൽ വ്യവസായം പച്ചപിടിച്ചതോടെ ഓൺലൈൻ മാർക്കറ്റിങ്ങും ആരംഭിച്ചു കഴിഞ്ഞു.ഭാര്യയും രണ്ട് മക്കളും അടങ്ങുന്നതാണ് ഫൈസിയുടെ കുടുബം. മൂത്തമകൾ ഫാത്തിമ മുഫ്ലിഹ പൂവത്താണി എ.എം.യു.പി സ്കൂളിൽ ഏഴാം ക്ലാസ് വിദ്യാർഥിനിയാണ്. ഇളയമകൻ അഫ്ലഹ് പൂവത്താണി ആൽബിർ സ്കൂളിൽ പഠിക്കുന്നു.