നാട്ടുകാരെയും പൊലീസിനെയും വട്ടംകറക്കി നാലു വയസ്സുകാരിയുടെ കുസൃതി
text_fieldsതച്ചനാട്ടുകര: നാട്ടുകാരെയും പൊലീസിനെയും വലച്ച് നാലു വയസ്സുകാരിയുടെ കുസൃതി. പൂവത്താണിക്കടുത്ത് ബിടാത്തിയിൽ വ്യാഴാഴ്ച രാവിലെ 10.30ഓടെയാണ് വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരിക്കുകയായിരുന്ന നാലുവയസ്സുകാരിയെ കാണ്മാനില്ല എന്ന വാർത്ത കാട്ടുതീ പോലെ പടർന്നത്. കുട്ടിയെ കണ്ടെത്തുന്നതിനായി നാട്ടുകാർ നാലുപാടും പരക്കംപാഞ്ഞു. വാർത്ത സമൂഹമാധ്യമങ്ങളിൽ വൈറലായതോടെ പരിസരപ്രദേശങ്ങളും ജാഗ്രതിയിലായി.
ഇതിനിടെ പെരിന്തൽമണ്ണ സബ് ഇൻസ്പെക്ടർ നൗഷാദിന്റെ നേതൃത്വത്തിൽ പെരിന്തൽമണ്ണ പൊലീസും സ്ഥലത്തെത്തി. ഇതേസമയം പുറത്തെ സംഭവവികാസങ്ങൾ എല്ലാം കണ്ട് ഒളിച്ചിരിക്കുകയായിരുന്നു കുരുന്ന് കുസൃതി. പൊലീസിനെ കണ്ടതോടെ 'എന്നെ പൊലീസ് പിടിക്കാൻ വരുന്നേ' എന്ന് പറഞ്ഞ് ഒറ്റക്കരച്ചിൽ. ഇതോടെയാണ് മണിക്കൂറുകളോളം തങ്ങളെ ആധിയിലാക്കിയ കുട്ടിക്കുറുമ്പിയെ കണ്ട് വീട്ടുകാരും നാട്ടുകാരും ദീർഘനിശ്വാസം വിട്ടത്.
സംഘർഷഭരിതമായ അന്തരീക്ഷം കൂട്ടച്ചിരിക്ക് വഴിമാറി. വീട്ടിലെ കട്ടിലുകൾക്കിടയിലെ പഴുതിൽ ഒളിച്ചിരിക്കുകയായിരുന്നു ഈ കുസൃതിക്കുട്ടിയെന്ന് പൊലീസ് പറഞ്ഞു. എന്തായാലും ഒറ്റ ഒളിച്ചിരുപ്പിന് നാടിനെ മുഴുവൻ മുൾമുനയിലാക്കിയ കുറുമ്പിയോട് 'ഇങ്ങനെയൊന്നും മേലിൽ ചെയ്യല്ലേ' എന്ന് പറഞ്ഞാണ് നാട്ടുകാർ മടങ്ങിയത്.