ബസ് നിർത്തുന്നില്ല; പ്രിൻസിപ്പൽ റോഡിലിറങ്ങി തടഞ്ഞു
text_fieldsപ്രിൻസിപ്പൽ ബസ് തടയുന്നു
കരിങ്കല്ലത്താണി: സ്കൂളിന് മുന്നിലെ സ്റ്റോപ്പിൽ ബസ് നിർത്തുന്നില്ലെന്ന നിരന്തര പരാതിയെ തുടർന്ന് പ്രിൻസിപ്പൽ റോഡിലിറങ്ങി ബസ് തടഞ്ഞുനിർത്തി. താഴെക്കോട് കാപ്പുപറമ്പ് പി.ടി.എം.എച്ച്.എസ്.എസ് പ്രിൻസിപ്പലും പ്രിൻസിപ്പൽമാരുടെ സംസ്ഥാന പ്രസിഡന്റുമായ ഡോ. സക്കീർ എന്ന സൈനുദ്ധീനാണ് ബസ് തടഞ്ഞത്.
സംഘർഷ സാധ്യത മുന്നിൽകണ്ട് കൂടുതൽ ആരെയും അറിയിക്കാതെ ഇദ്ദേഹം തനിച്ച് റോഡിലിറങ്ങുകയായിരുന്നു. കോഴിക്കോട്-പാലക്കാട് റൂട്ടിൽ സർവിസ് നടത്തുന്ന രാജപ്രഭ എന്ന ബസ് സ്ഥിരമായി സ്റ്റോപ്പിൽ നിർത്തുന്നില്ലെന്നും വിദ്യാർഥികൾക്ക് അപകടകരമാം അമിതവേഗതയിൽ ഓടിച്ചുപോകുന്നുവെന്നും പരാതി ഉയർന്നിരുന്നു. ഇത് സംബന്ധിച്ച് പരാതി പൊലീസിൽ നൽകിയിരുന്നെന്നും നടപടി ഉണ്ടായിട്ടില്ലെന്നും ഇദ്ദേഹം പറയുന്നു. കഴിഞ്ഞദിവസം ബസ് തടയാൻ ശ്രമം നടത്തിയെങ്കിലും അമിതവേഗതയിൽ കടന്നുപോയി. ഇതേ തുടർന്ന് റോഡിലെ ഡിവൈഡർ ക്രമീകരിച്ചാണ് പ്രിൻസിപ്പൽ ബസിനെ പിടികൂടിയത്.