നെടുങ്കയത്ത് 62.12 ശതമാനം പോളിങ്; ചോലനായ്ക്കരായ ഗുഹാവാസികളിൽ 34പേർ വോട്ട് ചെയ്തു
text_fieldsവനത്തിനകത്തെ നെടുങ്കയം ബൂത്തിൽ വോട്ട്
ചെയ്ത് മടങ്ങുന്ന സ്ത്രീകൾ
കരുളായി: ജില്ലയിലെ വനത്തിനകത്തെ ഏക ബൂത്തായ നെടുങ്കയം അമിനിറ്റി സെൻററിൽ (173ാം നമ്പർ) 62.12 ശതമാനം പോളിങ്. 462 വോട്ടർമാരുണ്ടെങ്കിലും 289 പേരാണ് വോട്ട് ചെയ്തത്. 146 പുരുഷന്മാരും 143 സ്ത്രീകളും വോട്ട് ചെയ്യാനെത്തി.
ചോലനായ്ക്കരായ ഗുഹാവാസികളിൽ 34പേർ ഇത്തവണ വോട്ട് ചെയ്തു. രാവിലെ എഴിന് തന്നെ ബൂത്ത് സജ്ജമായെങ്കിലും മന്ദഗതിയിലായിരുന്നു തുടക്കം. രാവിലെ പത്തോടെയാണ് പോളിങ് സാധാരണ നിലയിലെത്തിയത്. നെടുങ്കയം ട്രൈബൽ വില്ലേജിലെ ഹരിചന്ദ്രനാണ് ആദ്യം വോട്ട് ചെയ്തത്. 11 ഓടെ മൈലാടിപ്പൊട്ടിയിലെ മുതിർന്ന വ്യക്തി മണ്ണള കുങ്കൻ (67) വോട്ട് ചെയ്യാനെത്തി.
നെടുങ്കയം, മുണ്ടക്കടവ്, പുലിമുണ്ട, മാതൻകുന്ന് തുടങ്ങിയ ആദിവാസി സങ്കേതങ്ങളിലെ പണിയ, കാട്ടുനായ്ക്ക വിഭാഗക്കാരെ കൂടാതെ ഉൾക്കാട്ടിൽ കഴിയുന്ന ചോലനായ്ക്കരായ ഗുഹാവാസികളും ഈ ബൂത്തിലെ വോട്ടർമാരാണ്. വനത്തിനുള്ളിലെ പ്രശ്നബാധിത ബൂത്തായതിനാൽ പൊലീസിന്റെ പ്രത്യേക കാവലിലാണ് തെരഞ്ഞെടുപ്പ് നടന്നത്.