നെടുങ്കയത്ത് വനബൂത്തിൽ 69 ശതമാനം പോളിങ്
text_fieldsവെളുമ്പിയംപാടം എം.കെ.എം എൽ.പി സ്കൂൾ ബൂത്തിൽ വോട്ട് ചെയ്യാൻ എത്തിയവർ
കരുളായി: നെടുങ്കയം ബൂത്തിൽ 69 ശതമാനം പോളിങ് രേഖപ്പെടുത്തി. ഉൾവനത്തിൽ അധിവസിക്കുന്ന ആദിവാസികൾക്കും ഗുഹാവാസികളായ ചോലനായ്ക്കർക്കും മാത്രമായുള്ള ബൂത്ത് കൂടിയാണിത്. നെടുങ്കയം പ്രകൃതി പഠനകേന്ദ്രത്തിലെ 225 ാം നമ്പർ ബൂത്തിൽ ഇത്തവണ 325 പേരാണ് വോട്ടുചെയ്യാനെത്തിയത്.
നെടുങ്കയം, മുണ്ടക്കടവ്, പുലിമുണ്ട, മാതൻക്കുന്ന് തുടങ്ങിയ ആദിവാസി സങ്കേതങ്ങളിലെ പണിയ, കാട്ടുനായ്ക്ക വിഭാഗക്കാരെ കൂടാതെ ഉൾക്കാട്ടിൽ കഴിയുന്ന ചോലനായ്ക്ക ഗുഹാവാസികളും ഈ ബൂത്തിലെ വോട്ടർമാരാണ്. ചോലനായ്ക്ക വോട്ടർമാരും, നെടുങ്കയം മുണ്ടക്കടവ് ഉന്നതിയിലുള്ളവരുമടക്കം 471 വോട്ടർമാരാണുള്ളത്. ഇതിൽ 255 പുരുഷന്മാരിൽ 163 പേരും 216 സ്ത്രീ വോട്ടർമാരിൽ 162 പേരും വോട്ടു ചെയ്യാനെത്തി.