കരിമ്പുഴയിൽ ജന്തുജാല കണക്കെടുപ്പ് പൂർത്തിയായി; 63 ഇനം ജീവികളെ കണ്ടെത്തി
text_fieldsകരിമ്പുഴ വന്യജീവി ജന്തുജാല കണക്കെടുപ്പിൽ പങ്കെടുത്തവർ
കരുളായി: കരിമ്പുഴ വന്യജീവി സങ്കേതത്തിൽ നടത്തിയ ജന്തുജാല കണക്കെടുപ്പിൽ ഇതുവരെ ഇല്ലാതിരുന്ന 63 ഇനം ജീവികളെ കൂടി കണ്ടെത്തി. 41 ഇനം തുമ്പികൾ, ആറിനം ചിത്രശലഭങ്ങൾ, 16 തരം പക്ഷികൾ എന്നിവയാണ് പുതിയതായി കണ്ടെത്തിയവ. 141 ഇനം നിശാശലഭങ്ങൾ, നാലിനം ചീവീടുകൾ, 38 ഇനം ഉറുമ്പുകൾ, അഞ്ചിനം ഈച്ചകൾ, നാലിനം മീനുകൾ എന്നിവയുടെ സാന്നിധ്യവും സർവേയിൽ ശ്രദ്ധയിൽപ്പെട്ടു. രാജവെമ്പാല അടക്കം ഉരഗവർഗത്തിൽപെട്ട ജീവികളെയും കണ്ടെത്തി.
16 പുതിയതരം പക്ഷികൾ ഉൾപ്പെടെ 187 പക്ഷികളെ സർവേയിൽ കണ്ടെത്തി. യൂറേഷ്യൻ പ്രാപ്പിടിയൻ, മരപ്രാവ്, ചുട്ടി കഴുകൻ, പൊടിപ്പൊന്മാൻ, മലമുഴക്കി വേഴാമ്പൽ, കാക്കരാജൻ, പോതക്കിളി, പാറനിരങ്ങൻ എന്നിവയാണ് പ്രധാനപ്പെട്ടവ. ഇവയെ കൂടാതെ നീലക്കിളി പാറ്റപിടിയൻ, മഞ്ഞവയറൻ ഇലക്കുരുവി, ഇന്ത്യൻ ഗൗളിക്കിളി, നീലഗിരി ചിലുചിലുപ്പൻ, നീലഗിരി ഷോലക്കിളി, കരിഞ്ചെമ്പൻ പാറ്റപിടിയൻ എന്നിവയെയും കണ്ടെത്തി. ഇതോടെ സങ്കേതത്തിൽ ഇതുവരെ കണ്ടെത്തിയ പക്ഷികളുടെ എണ്ണം 239
ആയി.
ആറു പുതിയവ ഉൾപ്പെടെ 189 ഇനം ചിത്രശലഭങ്ങളെയും രേഖപ്പെടുത്തി. ഇരുവരയൻ ആട്ടക്കാരി, ചിത്രംഗതൻ, നീലഗിരി നാൽക്കണ്ണി, സിലോൺ പഞ്ചനേത്രി, വെള്ളി അക്വേഷ്യ നീലി എന്നിവയാണ് പുതുതായി കണ്ടെത്തിയതിൽ പ്രധാനപ്പെട്ടവർ. ഇതോടെ സങ്കേതത്തിലെ ആകെ ചിത്രശലഭങ്ങളുടെ എണ്ണം 263 ആയി.
പുതിയതായി 41 ഇനം തുമ്പികളുൾപ്പെടെ 51 ഓളം തുമ്പികളെയും കാണാനായി. ഇതോടെ രേഖപ്പെടുത്തിയ തുമ്പികളുടെ ആകെ എണ്ണം 58 ആയി. നാട്ടുമുളവാലൻ, കരിന്തലയൻ മുളവാലൻ, വടക്കൻ അരുവിയൻ, ചെങ്കറുപ്പൻ അരുവിയൻ, കാവി കോമരം, പുഴക്കടുവ എന്നിവയാണ് തുമ്പികളിലെ പ്രധാന കണ്ടെത്തലുകൾ.
നിലമ്പൂർ ആസ്ഥാനമായി പ്രവർത്തിക്കുന്ന സൊസൈറ്റി ഫോർ ട്രോപിക്കൽ എക്കോളജി ആൻഡ് റിസർച്ച് (സ്റ്റിയർ), തിരുവനന്തപുരം ആസ്ഥാനമായ ട്രാവൻകൂർ നേച്ചർ ഹിസ്റ്ററി സൊസൈറ്റി (ടി.എൻ.എച്ച്.എസ്), കേരള വന്യജീവി വകുപ്പ് എന്നിവ മാർച്ച് 21 മുതൽ 23 വരെ സംയുക്തമായാണ് സർവേ നടത്തിയത്. ദക്ഷിണേന്ത്യയുടെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള എൻ.ജി.ഒകളിൽനിന്നും ഗവേഷണ സ്ഥാപനങ്ങളിൽനിന്നുമായി 65 പേർ പങ്കെടുത്തു.
കരിമ്പുഴ വൈൽഡ് ലൈഫ് വാർഡൻ ജി. ധനിക് ലാൽ, ടി.എൻ.എച്ച്.എസ് റിസർച്ച് അസോസിയേറ്റ് ഡോ. കലേഷ് സദാശിവൻ, സ്റ്റിയർ എക്സിക്യൂട്ടീവ് അംഗം ഡോ.അനൂപ് ദാസ്, റേഞ്ച് ഓഫിസർ മുജീബ് റഹ്മാൻ, ഡെപ്യൂട്ടി റേഞ്ച് ഓഫിസർമാരായ ബൈജു, അംജിത്ത്, അഭിലാഷ്, സ്റ്റിയർ ഭാരവാഹികളായ സുഭാഷ് പുളിക്കൽ, ബർണാഡ് എം. തമ്പാൻ, ശബരി ജാനകി, ബ്രിജേഷ് പൂക്കോട്ടൂർ എന്നിവർ നേതൃത്വം
നൽകി.


