അത്തിക്കല്‍ ജലസേചന പദ്ധതി ഉപയോഗയോഗ്യമാക്കണം
text_fieldsകരുളായി: അത്തിക്കല്‍ ചെറുകിട ജലസേചന പദ്ധതിയുടെ പ്രവര്‍ത്തനം നിലച്ചത് കരുളായിയിലെ കർഷകർക്ക് പ്രതിസന്ധിയാവുന്നു. വേനൽ ശക്തിപ്രാപിക്കാൻ തുടങ്ങിയതോടെയാണ് പദ്ധതിയുടെ പ്രവർത്തനം പുനരാരംഭിക്കാൻ നടപടി വേണമെന്ന ആവശ്യം ശക്തമാകുന്നത്.
രണ്ട് ദശകങ്ങളിലേറെയായി നല്ലനിലയില്‍ പ്രവര്‍ത്തിച്ച പദ്ധതി 2019ലെ പ്രളയത്തെത്തുടര്‍ന്നാണ് തകരാറിലായത്. കരിമ്പുഴയുടെ തീരത്ത് നിർമിച്ച കിണറില്‍ മണ്ണ് നിറഞ്ഞതാണ് പ്രവര്‍ത്തനം നിലക്കാൻ ഇടയാക്കിയത്.
മൂന്ന് വാർഡുകളി ലെ പാടശേഖരങ്ങളിലെ ജലസേചനത്തിനാണ് പദ്ധതി ആരംഭിച്ചത്. വെള്ളം മുടങ്ങിയതോടെ പലസ്ഥലങ്ങളിലും കൃഷി മുടങ്ങിയ അവസ്ഥയാണ്. വേനൽക്കാലത്ത് നെൽകൃഷിയും പച്ചക്കറികളുമാണ് പദ്ധതിയെ ആശ്രയിച്ച് നടത്തിയിരുന്നത്.
മാത്രമല്ല, കനാലിലൂടെ വെള്ളമൊഴുകുന്നതിനാല്‍ അത്തിക്കല്‍, കാര്‍ളിക്കോട്, മരുതങ്ങാട് ഭാഗങ്ങളിലെ കിണറുകളിലെ ജലനിരപ്പ് നിലനിര്‍ത്താനും ഈ പദ്ധതിക്കായിരുന്നു. തുലാമഴ കുറഞ്ഞതും പുഴകളില്‍ നേരേത്തതന്നെ നീരൊഴുക്ക് കുറഞ്ഞതും കര്‍ഷകരെ പ്രയാസത്തിലാക്കുന്നുണ്ട്. കിണറ്റിലെ മണ്ണ് നീക്കം ചെയ്ത് ജലസേചന പദ്ധതി പ്രവര്ത്തനയോഗ്യമാക്കിയില്ലെങ്കില് ഈ പ്രദേശങ്ങളിൽ കൃഷിയിറക്കാൻ സാധിക്കില്ല. കുടിവെള്ള പ്രശ്നം രൂക്ഷമാകാനും സാധ്യതയേറെയാണ്. അത്തിക്കൽ പദ്ധതിയുടെ പ്രവര്‍ത്തനം നടത്തുന്നത് ഗുണഭോക്തൃസമിതിയാണ്.
പഞ്ചായത്ത് തുക അനുവദിച്ചെങ്കിലേ ഉപയോഗപ്രദമാക്കാൻ കഴിയൂവെന്നാണ് ഗുണഭോക്തൃ സമിതി ഭാരവാഹികള്‍ പറയുന്നത്. ഗുണഭോക്താക്കളില്‍നിന്ന് സംഭരിക്കുന്ന തുക വൈദ്യുതി ബില്ലിന് തികയാറില്ല.