കാലമിത്രയായിട്ടും വീടില്ല; ജീവിതം താൽക്കാലിക ഷെഡുകളിൽ...’ പ്രിയങ്ക ഗാന്ധിക്ക് മുന്നിൽ സങ്കടക്കെട്ടഴിച്ച് മാഞ്ചീരിക്കാർ
text_fieldsകരുളായി നെടുങ്കയം മാഞ്ചീരി ഉന്നതിയിലെ ആദിവാസികളുമായി പ്രിയങ്ക ഗാന്ധി എം.പിസംസാരിക്കുന്നു
കരുളായി: ഭൂമിയും വീടും അടിസ്ഥാന സൗകര്യങ്ങളും ഒരുക്കിത്തരണമെന്ന് പ്രിയങ്ക ഗാന്ധി എം.പിയോട് മാഞ്ചീരിയിലെ പ്രാക്തന ഗോത്രവിഭാഗക്കാരായ ചോലനായ്ക്കർ ആവശ്യപ്പെട്ടു. കാലമിതുവരെയായിട്ടും തങ്ങൾക്ക് വീട് ഇല്ലെന്നും താൽക്കാലിക ഷെഡുകളിലാണ് കഴിച്ചു കൂട്ടുന്നതെന്നും അതിനാൽ ആനശല്യമുള്ള മാഞ്ചീരിയിൽ തന്നെ തൂണുകളിൽ നിർമിക്കുന്ന വീടുകൾ അനുവദിക്കണമെന്നും അവർ പറഞ്ഞു.
നിലവിൽ ആറു ലക്ഷം രൂപയാണ് ഭവനനിർമാണത്തിന് സർക്കാർ അനുവദിച്ചത്. ഇത് വീടുണ്ടാക്കാൻ പര്യാപ്തമല്ല. വനഭൂമി നിയമവകാശ പ്രകാരം തങ്ങൾക്കവകാശപ്പെട്ട വനഭൂമിയിൽ ആറു ഹെക്ടർ ലഭ്യമാക്കാൻ നടപടി സ്വീകരിക്കണം, വഴികളും വൈദ്യുതിയും ലഭ്യമാക്കണം തുടങ്ങി നിരവധി ആവശ്യങ്ങളാണ് മാഞ്ചീരിക്കാർക്കുള്ളത്.
ഉൾവനത്തിലെ മാഞ്ചീരിയിലെ അളകളിൽ കഴിയുന്ന ആദിവാസികളെ ഏറെ പ്രയാസപ്പെട്ടാണ് ചെന്നു കണ്ടത്. രാവിലെ 10 ഓടെ മാഞ്ചീരിയിലേക്ക് പുറപ്പെട്ട എം.പി നാലോടെയാണ് തിരിച്ചിറങ്ങിയത്. തുടർന്ന് നെടുങ്കയം ഉന്നതിയിലെത്തി പ്രദേശനിവാസികളെ കണ്ടു സംസാരിച്ചു. നിലമ്പൂർ, വണ്ടൂർ എം.എൽ.എമാരായ ആര്യാടൻ ഷൗക്കത്ത്, എ.പി. അനിൽകുമാർ, ഡി.സി.സി പ്രസിഡന്റ് വി.എസ്. ജോയ്, ഐ.ടി.ഡി.പി ഉദ്യോഗസ്ഥർ, ഗ്രാമപഞ്ചായത്ത്, വനംവകുപ്പ്, പൊലീസ് ഉദ്യോഗസ്ഥർ തുടങ്ങിയവർ കൂടെയുണ്ടായിരുന്നു.