മലയോര പാത നിർമാണ മറവിൽ ഒരേക്കറിലധികം ഭൂമി നികത്തിയെന്ന് പരാതി
text_fieldsമലയോര പാത നിർമാണത്തിനായി നീക്കം ചെയ്ത മണ്ണെടുത്ത് സ്വകാര്യ ഭൂമി നികത്തിയ നിലയിൽ
കരുളായി: മലയോര പാത നിർമാണ ഭാഗമായുണ്ടാക്കിയ യാർഡിന്റെ മറവിൽ ഒരേക്കറിലധികം ഭൂമി മണ്ണിട്ട് നികത്തിയതായി പരാതി. കരുളായി, അമരമ്പലം പഞ്ചായത്തിന്റെ അതിർത്തി പ്രദേശമായ തൊണ്ടിയിലാണ് സംഭവം. റോഡിൽനിന്ന് നീക്കം ചെയ്ത മണ്ണാണ് സ്വകാര്യ ഭൂവുടമകൾ ഭൂമി നികത്താനായി ഉപയോഗിച്ചത്. പാടത്തിന് സമാനമായ ഭൂമി മണ്ണിട്ട് നികത്തിയതോടെ സമീപത്തെ നിരവധി വീടുകളിലെ കിണറുകളിൽ വെള്ളം വറ്റി.
പൂക്കോട്ടുംപാടം-മൈലാടി മലയോര പാത നിർമാണ ഭാഗമായി നീക്കം ചെയ്ത മണ്ണാണ് തൊണ്ടിയിലെ സ്വകാര്യ ഭൂമിയിൽ സജ്ജമാക്കിയ യാർഡിൽ കൂട്ടിയിട്ടിരുന്നത്. റോഡിന്റെ ആവശ്യത്തിനുള്ള മണ്ണ് യാർഡിൽ നിന്ന് തിരിച്ചെടുത്ത ശേഷം ബാക്കി ലേലം ചെയ്ത് വിൽക്കുമെന്നും ഒരു ലോഡ് മണ്ണുപോലും ഭൂമിയിൽ നിക്ഷേപിക്കില്ലെന്നും പ്രദേശവാസികൾക്ക് ഉറപ്പ് നൽകിയ ശേഷമാണ് ഭൂവുടമകളുമായുള്ള കരാർ പ്രകാരം 1000 ത്തോളം ലോഡ് മണ്ണ് ഇവിടെ കൂട്ടിയിട്ടത്. എന്നാൽ ഏതാനും ആഴ്ചകൾക്ക് മുമ്പ് മണ്ണ് കൂട്ടിയിട്ട സ്ഥലത്തിന്റെ ഉടമ മണ്ണുമാന്തിയന്ത്രവും ടിപ്പർ ലോറികളും കൊണ്ടുവന്ന് പാടത്തിന് സമാനമായ ഒരേക്കറിലധികം ഭൂമിയിൽ നികത്തുകയായിരുന്നു. എട്ടടിയിലധികം ഉയരത്തിൽ അര ഏക്കറോളം ഭൂമിയിലാണ് മണ്ണ് കൂട്ടിയിട്ടിരുന്നത്. ഇതിൽ പകുതിയിലധികം മണ്ണ് ഭൂവുടമകൾ നിരത്തിയിട്ടുണ്ട്. ഈ ഭാഗത്തിലൂടെ പരമ്പരാഗതമായി ഒഴുകിയിരുന്ന തോടുകളും മൂടി. ഇതോടെ പ്രദേശത്തെ എല്ലാ കിണറുകളിലും പെട്ടന്ന് വെള്ളം വലിഞ്ഞതായും പ്രദേശവാസികൾ പറയുന്നു.
അതേസമയം, സർക്കാറിന്റെ ആസ്തിയായ മണ്ണ് പൊതുമരാമത്ത് വകുപ്പ് ലേലം ചെയ്താണ് വിൽപന നടത്തേണ്ടത്. എന്നാൽ ഇത്തരത്തിൽ ലേലത്തിൽ എടുക്കാതെയാണ് ഭൂവുടമ മണ്ണെടുത്തത്. ഈ വിഷയം അന്വേഷിച്ചപ്പോൾ ബന്ധപ്പെട്ടവരാരും അറിഞ്ഞിട്ടില്ലെന്നാണ് അധികൃതർ പറയുന്നത്. മണ്ണ് മോഷണം സംബന്ധിച്ച് പരാതി നൽകാനിരിക്കുകയാണെന്നും പാത നിർമാണവുമായി ബന്ധപ്പെട്ടവർ പറയുന്നു. പ്രദേശവാസികൾക്ക് ബുദ്ധിമുട്ടായ മണ്ണ് ഇവിടെ നിന്ന് ലേലം ചെയ്ത് നീക്കം ചെയ്യണമെന്നും ഭൂവുടമ നികത്തിയ മണ്ണ് തിരിച്ചെടുക്കണമെന്നും അല്ലാത്ത പക്ഷം ഉന്നതാധികാരികൾക്ക് പരാതി നൽകി പ്രതിഷേധ പരിപാടികളുമായി മുന്നോട്ട് പോവുമെന്നും സി.പി.എം കരുളായി ലോക്കൽ സെക്രട്ടറി പി. ബാലകൃഷ്ണൻ പറഞ്ഞു.