നാട്ടുകാര്‍ വിളിച്ചാല്‍ ഉദ്യോഗസ്ഥര്‍ ഫോണെടുക്കണം -മന്ത്രി എ.കെ ശശീന്ദ്രന്
text_fieldsകരുളായി: പൊതുജനങ്ങൾ ഫോൺ വിളിക്കുമ്പോൾ വനംവകുപ്പിലെ ചില ഉദ്യോഗസ്ഥരുടെ ഫോണ്‍ സ്വിച്ച് ഓഫായി പോവുന്ന അവസ്ഥയുണ്ടെന്ന് വനംമന്ത്രി എ.കെ ശശീന്ദ്രന്. കരുളായി നെടുങ്കയത്ത് വനംവകുപ്പിന്റെ വിവിധ പരിപാടികള്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. ഉദ്യോഗസ്ഥരുടെ ഇത്തരം സമീപനങ്ങൾ ആവര്‍ത്തിക്കാതിരിക്കാന്‍ സി.സി.എഫിനും വനപാലകര്‍ക്കും മന്ത്രി നിര്‍ദേശം നല്കി. വനംവകുപ്പില്‍ കാലോചിത മാറ്റങ്ങൾ വന്നിട്ടുണ്ട്. എന്നാല്‍, നാട്ടുകാര്‍ വിളിക്കുമ്പോള്‍ ഓഫായി പോവുന്ന ഫോണുകള്‍ വേണോയെന്ന് സി.സി.എഫ് പരിശോധിക്കണമെന്നും പരിശോധിച്ച് തിരുത്തണമെന്നും കൂട്ടിച്ചേര്‍ത്തു.
കാടിനെ സംരക്ഷിക്കുന്നതോടൊപ്പം മനുഷ്യരെക്കൂടി സംരക്ഷിക്കുന്ന ഉത്തരവാദിത്തമാണിപ്പോള് വനംവകുപ്പിനുള്ളതെന്നും പറഞ്ഞു. നിലമ്പൂര്‍ സൗത്ത് ഡിവിഷനിലെ നെടുങ്കയം ഇക്കോ ടൂറിസം ഡോര്‍മെറ്ററി, അമിനിറ്റി സെന്റര്‍ എന്നിവയുടെ ഉദ് ഘാടനവും, കൊടികുത്തിമല നഗര വനം പദ്ധതിയുടെയും, നിലമ്പൂര്‍ കെസ്വില്‍ നഗര വനം പദ്ധതിയുടെയും, പെരുമ്പാവൂര്‍ ടിമ്പര്‍ സെയില്‍സ് ഡിവിഷനിലെ വീട്ടൂര്‍ ഡിപ്പോ നഗര വനം പദ്ധതിയുടെയും ഉദ്ഘാടനവും നെടുങ്കയം ഇക്കോ ടൂറിസം കേന്ദ്രത്തിൽ മന്ത്രി നിര്‍വഹിച്ചു.