മലവാരത്തിലെ കുഴികൾ നികത്തിത്തുടങ്ങി
text_fieldsകണ്ണമ്പള്ളിയിലെ
ഭീമൻ വെള്ളക്കുഴികൾ
എസ്കവേറ്റർ ഉപയോഗിച്ച്
നികത്തുന്നു
കരുവാരകുണ്ട്: കൂമ്പൻ മലവാരത്തിന് സമീപത്തെ കണ്ണമ്പള്ളി എസ്റ്റേറ്റിലെ കൂറ്റൻ ജലസംഭരണികൾ നികത്തൽ തുടങ്ങി. ദുരന്ത നിവാരണ അതോറിറ്റി ചെയർമാൻ കൂടിയായ ജില്ല കലക്ടർ നൽകിയ നോട്ടീസിനെ തുടർന്നാണ് നടപടി. മഴ കനത്താൽ വെള്ളം നിറഞ്ഞ് കുഴികൾ തകർന്ന് കുത്തൊഴുക്കുണ്ടാകുമെന്നും അത് ആൾനാശത്തിനും ദുരന്തത്തിനും ഇടയാക്കുമെന്നും ജിയോളജി വകുപ്പ് പരിശോധനയിൽ കണ്ടെത്തിയിരുന്നു. അഞ്ചു ദിവസത്തിനകം കുഴികൾ ശാസ്ത്രീയമായി നികത്തി വെള്ളം ഇറങ്ങാതിരിക്കാൻ പോളിത്തീൻ ഷീറ്റ് വിരിക്കണമെന്നാണ് കലക്ടർ ഉത്തരവിട്ടത്.
പരിസ്ഥിതി ലോല മേഖലയിൽ 22 മീറ്റർ നീളവും 12 മീറ്റർ വീതിയും ആറു മീറ്റർ താഴ്ചയുമുള്ള രണ്ടു കുഴികളും മൂന്ന് ചെറു കുഴികളുമാണ് അനുമതിയില്ലാതെ സ്ഥലം ഉടമ നിർമിച്ചത്. ഇത് വിവാദമായതോടെ ഗ്രാമപഞ്ചായത്ത് ഇടപെട്ടു. ജില്ല കലക്ടറെയും ജിയോളജി വകുപ്പിനെയും വിവരമറിയിച്ചതിനെ തുടർന്നാണ് നടപടിയുണ്ടായത്.