അവഗണനയിൽ സഹികെട്ടു; നാടിറങ്ങി, റോഡ് നന്നാക്കാൻ
text_fieldsനാട്ടുകാരുടെ നേതൃത്വത്തിൽ മാമ്പറ്റ റോഡ് അറ്റകുറ്റപ്പണി നടത്തുന്നു
കരുവാരകുണ്ട്: അധികൃതരുടെ അവഗണനക്കെതിരെ സേവനസന്നദ്ധത കൊണ്ട് പ്രതിഷേധിച്ച് നാട്ടുകാരും ക്ലബ് പ്രവർത്തകരും. തരിശ് മാമ്പറ്റയിലെ യുവാക്കളാണ് സി.വൈ.സി ക്ലബിന്റെ നേതൃത്വത്തിൽ വേറിട്ട പ്രതിഷേധമൊരുക്കിയത്. കിഴക്കേത്തല-കൽക്കുണ്ട് റോഡിൽ മാമ്പറ്റ മുതൽ കപ്പലാംതോട്ടം വരെ ഭാഗം അതീവ ശോചനീയമാണ്. തകർന്നുകിടക്കുന്ന ഈ ഭാഗം വാഹനങ്ങൾക്ക് അപകടക്കുരുക്കൊരുക്കുന്നുണ്ട്.
ഇരുചക്ര വാഹനങ്ങൾ അപകടത്തിൽപെടുന്നത് പതിവാണ്. റോഡ് നവീകരണത്തിന് ഫണ്ട് പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും എപ്പോൾ യാഥാർഥ്യമാകും എന്ന് ആർക്കുമറിയില്ല. ഗ്രാമപഞ്ചായത്തും ഇക്കാര്യത്തിൽ നടപടി എടുത്തില്ല. ഇതിനെ തുടർന്നാണ് ക്ലബിന് കീഴിൽ നാട്ടുകാർ ഇറങ്ങിയത്. ഒരു കിലോമീറ്റർ ഭാഗം ക്വാറി മാലിന്യവും മണ്ണും ഉപയോഗിച്ച് കുഴികൾ നികത്തിയും വെള്ളം ഒഴുകിപ്പോകാൻ ചാലു കീറിയും റോഡ് ഗതാഗത സൗഹൃദമാക്കി. ഇർഷാദ്, റാഹിദ് പൂവിൽ, ജുനൈദ്, സിറാജ്, ഷാജി, സഫ്വാൻ, ജാസിർ, കുഞ്ഞാണി, കുട്ടി, ഫർഹദ്, ഉണ്ണി, റിൻഷാദ് എന്നിവർ നേതൃത്വം നൽകി.