ഭരണനേട്ടം നിരത്തി എൽ.ഡി.എഫ്; ഐക്യം ഊർജമാക്കി യു.ഡി.എഫ്
text_fieldsപ്രതീകാത്മക ചിത്രം
കരുവാരകുണ്ട്: ത്രികോണ പോരാട്ടത്തിന്റെയും സി.പി.എം-ലീഗ് കൂട്ടുകെട്ടിലെ വികസന മുന്നണിയുടെയും ഗ്രാമത്തിലെ രാഷ്ട്രീയാന്തരീക്ഷം ഇത്തവണ ശാന്തമാണ്. സ്ഥാനാർഥി നിർണയത്തിൽ തർക്കമില്ല, വിമതരുടെ ഭീഷണിയില്ല. പുറത്താക്കലില്ല.ഇടത്, വലത് മുന്നണികളിൽ പൂർണമായ ഐക്യം. മൂന്നാം മുന്നണിയായി 22 വാർഡുകളിൽ ബി.ജെ.പിയുണ്ട്. നാലിടത്ത് വെൽഫെയർ പാർട്ടിയും രണ്ടിടത്ത് എസ്.ഡി.പി.ഐയും മത്സരിക്കുന്നു.
ചരിത്രത്തിലാദ്യമായാണ് ഒറ്റക്ക് ഭൂരിപക്ഷം നേടി 2020ൽ സി.പി.എം കരുവാരകുണ്ടിൽ ഭരണംപിടിച്ചത്. തെറ്റിപ്പിരിഞ്ഞ ലീഗും കോൺഗ്രസും തനിച്ച് മത്സരിച്ചപ്പോൾ 21ൽ 13 വാർഡുകളും പിടിച്ചായിരുന്നു സി.പി.എമ്മിന്റെ അധികാരാരോഹണം. പതിറ്റാണ്ടുകൾ പഞ്ചായത്ത് ഭരണം കൈയാളിയ ലീഗ് ആറിലും കോൺഗ്രസ് വെറും രണ്ടിലുമൊതുങ്ങി. വി.എസ്. പൊന്നമ്മ പ്രസിഡൻറും മഠത്തിൽ ലത്തീഫ് വൈസ് പ്രസിഡന്റുമായുള്ള ഭരണ സമിതി അഞ്ചുവർഷം പൂർത്തിയാക്കുകയും ചെയ്തു. ജില്ലയിൽ തന്നെ ഏറ്റവും കൂടുതൽ ലൈഫ് വീടുകൾ നൽകാൻ സാധിച്ചെന്ന നേട്ടവുമായാണ് എൽ.ഡി.എഫ് രണ്ടാമൂഴം തേടി ഇറങ്ങുന്നത്.
ആയിരത്തോളം ഭവനങ്ങൾ വാസയോഗ്യമാക്കുകയും ചെയ്തു. മാലിന്യ സംസ്കരണം, ശുദ്ധജല വിതരണം, റോഡുകൾ എന്നിവയിലെ വികസന വിപ്ലവവും വോട്ടായി മാറുമെന്നാണ് ഇടത് പ്രതീക്ഷ. എല്ലാവർക്കും വീട്, തൊഴിൽ, കൃഷി, ആരോഗ്യം, വിദ്യാഭ്യാസം എന്നതാണ് മുന്നണിയുടെ പുതിയ വാഗ്ദാനങ്ങൾ. ഇത്തവണ മൂന്ന് വാർഡുകൾ വർധിച്ച് 24 ആയി. ഇതിൽ 20 ഇടങ്ങളിൽ സി.പി.എമ്മും ഓരോ വാർഡുകളിൽ സി.പി.ഐ, കേരള കോൺഗ്രസ് എം, ഐ.എൻ.എൽ, ആർ.ജെ.ഡി എന്നിവരും മത്സരിക്കുന്നുണ്ട്. അഴിമതിയും പക്ഷപാതവും നിറഞ്ഞ ഇടത് ഭരണം അഞ്ചുവർഷം കൊണ്ട് കരുവാരകുണ്ടിനെ പിന്നോട്ട് വലിച്ചെന്നാണ് യു.ഡി.എഫ് പ്രചാരണം.
ലൈഫ്, തൊഴിലുറപ്പ്, റോഡ് നിർമാണം എന്നിവയിലെ അഴിമതിയും കെടുകാര്യസ്ഥതയും തുറന്നുകാട്ടിയുള്ള പ്രചാരണം തിരിച്ചുവരവിന് വഴിയൊരുക്കും എന്നും യു.ഡി.എഫ് ക്യാമ്പ് പ്രതീക്ഷിക്കുന്നു. ഫയർ ആൻഡ് റെസ്ക്യൂ സ്റ്റേഷൻ, കെ.എസ്.ഇ.ബി സബ് സ്റ്റേഷൻ തുടങ്ങിയ എൽ.ഡി.എഫിന്റെ യാഥാർഥ്യമാക്കാനാവാത്ത വാഗ്ദാനങ്ങളും യു.ഡി.എഫിന്റെ ആരോപണങ്ങളാണ്. 12 വാർഡുകളിൽ ലീഗും 11 ൽ കോൺഗ്രസും ഒരിടത്ത് പൊതു സ്വതന്ത്രയുമായാണ് യു.ഡി.എഫിന്റെ പോരാട്ടം. പ്രസിഡൻറ് പദം ജനറലായ കരുവാരകുണ്ടിൽ മുസ്‍ലിം ലീഗിലെ എൻ. ഉണ്ണീൻകുട്ടി, കോൺഗ്രസിലെ വി. ഷബീറലി, സി.പി.എമ്മിലെ മഠത്തിൽ ലത്തീഫ് എന്നിവരാണ് ജനഹിതം തേടുന്നവരിൽ പ്രമുഖർ.


