ചുഴലിക്കാറ്റ്; 30,000 വാഴകൾ നിലംപൊത്തി
text_fieldsശക്തമായ കാറ്റിൽ നിലംപൊത്തിയ കൽക്കുണ്ട് ആനത്താനത്തെ വാഴകൃഷി
കരുവാരകുണ്ട്: കഴിഞ്ഞ ദിവസങ്ങളിലുണ്ടായ ശക്തമായ കാറ്റിൽ മലയോരത്ത് കനത്ത കൃഷിനാശം. നിരവധി കർഷകരുടെ ആയിരക്കണക്കിന് വാഴകളാണ് നിലംപൊത്തിയത്. കൽക്കുണ്ട് ആനത്താനം, ചേരി, കുണ്ടോട എന്നിവിടങ്ങളിലെ വാഴകളാണ് ഒന്നൊഴിയാതെ ഒടിഞ്ഞുവീണത്. അടക്കാക്കുണ്ട് സ്വദേശി കൊപ്പൻ ആസിഫ്, ഇസ്ഹാഖ്, ഷാഹിന എന്നിവരുടെ ഉടമസ്ഥതയിലുള്ള പതിനായിരത്തോളം വാഴകൾ പൂർണമായും നശിച്ചു. നൗഷാദ് കൈപ്പുള്ളി, കൈപ്പുള്ളി ഹാരിസ്, മമ്മദ്, തോംസൺ എന്നിവരുടെ ഉടമസ്ഥതയിലുള്ള 19,000 വാഴകളും നിലംപൊത്തി. വൈകുന്നേരങ്ങളിൽ തുടർച്ചയായുണ്ടായ കാറ്റാണ് വാഴ കർഷകരുടെ സ്വപ്നം തകർത്തത്.
കൃഷി ജില്ല ഡെപ്യൂട്ടി ഡയറക്ടർ ശ്രീരേഖ, അസി. ഡയറക്ടർ സുധ, കരുവാരകുണ്ട് കൃഷി ഓഫിസർ വി.എം. ഷമീർ, അസിസ്റ്റന്റുമാരായ എസ്. പ്രവീൺകുമാർ, നോബ്ൾ എന്നിവർ സ്ഥലം സന്ദർശിച്ച് കണക്കെടുപ്പ് നടത്തി. കൃഷി നാശമുണ്ടായവർക്ക് നഷ്ടപരിഹാരം ലഭ്യമാക്കാൻ നടപടി സ്വീകരിക്കണമെന്ന് സംഘം അറിയിച്ചു.