'നാടു നടന്ന വഴികൾ’; കരുവാരകുണ്ടിന്റെ ദേശചരിത്രമൊരുങ്ങുന്നു
text_fieldsനാടു നടന്ന വഴികൾ’കരുവാരകുണ്ട് ദേശചരിത്രത്തിന്റെ കവർ
കരുവാരകുണ്ട്: ബ്രിട്ടീഷ് വിരുദ്ധ പോരാട്ടങ്ങളുടെ വീരേതിഹാസമുറങ്ങുന്ന കരുവാരകുണ്ടിന്റെ സമഗ്ര പ്രാദേശിക ചരിത്രം പുറത്തിറങ്ങുന്നു. ‘നാടുനടന്ന വഴികള്‍; കരുവാരകുണ്ടിന്റെ ദേശപുരാണം’എന്ന പേരിൽ മുസ്ലിം യൂത്ത് ലീഗാണ് ഗ്രന്ഥം പുറത്തിറക്കുന്നത്. റബറിന്റെയും ചായയുടെയും സുഗന്ധവിളകളുടെയും സമ്പന്ന ശേഖരമുളള മലയോര ഗ്രാമത്തിന്റെ ഭൂതവും വർത്തമാനവുമാണ് ഗവേഷണ സ്വഭാവത്തിൽ രേഖകളാക്കുന്നത്.
ലോഹസംസ്കാര പൈതൃകം, കുടിയേറ്റ ചരിത്രം, കാര്‍ഷിക പാരമ്പര്യം, കൊളോണിയല്‍ വിരുദ്ധ പോരാട്ട ചരിത്രം, അതിജീവന സമരങ്ങള്‍ തുടങ്ങിയവ അധ്യായങ്ങളാകുന്നുണ്ട്. സ്വാതന്ത്ര്യാനന്തരം ദേശം നടന്നുകയറിയ രാഷ്ട്രീയവും സാമൂഹികവും സാംസ്കാരികവും വിദ്യാഭ്യാസപരവുമായ മേഖലകൾ വിശകലനം ചെയ്യുന്നു. ബ്രിട്ടീഷ് ആർക്കൈവ്സിൽ നിന്നുള്ള രേഖകൾ, അന്തമാനിലേക്ക് നാടുകടത്തപ്പെട്ടവരുടെ കത്തുകൾ, നാടുവാണിരുന്ന അധികാരികരുടെ പ്രമാണങ്ങൾ തുടങ്ങിയ അപൂർവ രേഖകളും ഗ്രന്ഥത്തിലുണ്ട്.
ഗ്രന്ഥകാരൻ കൂടിയായ ടി. അബ്ദുസ്സമദ് റഹ്മാനിയാണ് എഡിറ്റർ. സെപ്റ്റംബര്‍ 19ന് രാത്രി ഏഴിന് മീഡിയവൺ എഡിറ്റർ പ്രമോദ് രാമൻ ഗ്രന്ഥം പ്രകാശനം ചെയ്യുമെന്ന് യൂത്ത് ലീഗ് പ്രസിഡന്റ് അഡ്വ. എൻ. ബാദുഷ, സെക്രട്ടറി ടി. ആദിൽ ജഹാൻ, ഡോ. സൈനുൽ ആബിദീൻ ഹുദവി എന്നിവർ അറിയിച്ചു.