മുരളിയുടെ ഓർമകളിൽ റഫീഖിന് മരണമില്ല; ഇത്സ്നേഹത്തിന്റെ ഇഫ്താർ വിരുന്ന്
text_fieldsമുഹമ്മദ് റഫീഖിന്റെ സ്മരണക്കായി സംഘടിപ്പിച്ച ഇഫ്താർ വിരുന്നിൽ റഫീഖിന്റെ സുഹൃത്തുക്കൾക്കൊപ്പം
മുരളി കീഴാറ്റൂർ
കീഴാറ്റൂർ: സൗഹൃദ യാത്രക്കിടയിൽ അകാലത്തിൽ വിടപറഞ്ഞ പ്രിയ സുഹൃത്തിന്റെ ഓർമകളിൽ ഇഫ്താർ വിരുന്നൊരുക്കി നൃത്താധ്യാപകൻ. കഴിഞ്ഞ വർഷം വാഹനാപകടത്തിൽ മരിച്ച കരുവാരകുണ്ട് പുന്നക്കാട് സ്വദേശിയും ഓട്ടോ ഡ്രൈവറുമായ പൊട്ടച്ചിറ മുഹമ്മദ് റഫീഖിന്റെ സ്മരണക്കാണ് കീഴാറ്റൂരിലെ തന്റെ വസതിയിൽ കളരിക്കൽ മുരളി ഇഫ്താർ വിരുന്നൊരുക്കിയത്.
കഴിഞ്ഞവർഷം ഏപ്രിൽ നാലിന് റമദാൻ 24നാണ് റഫീഖ് വാഹനാപകടത്തിൽ മരിച്ചത്. ആംബുലൻസ് ഡ്രൈവർ കൂടിയായിരുന്ന റഫീഖ് രോഗിയുമായി പോകവെ പയ്യനാട് വെച്ച് കാറുമായി കൂട്ടിയിടിച്ച് അപകടത്തിൽ പെടുകയായിരുന്നു. നോമ്പുകാലമായതിനാൽ ഒരു ഇഫ്താർ സംഗമം നടത്തണമെന്ന് റഫീഖ് മുരളിയോട് പറഞ്ഞിരുന്നു.
അതിനിടെയാണ് മരണം വിരുന്നെത്തിയത്. ഒന്നാം ചരമവാർഷികത്തിന്റെ ഓർമ പുതുക്കിയാണ് അന്ന് നടക്കാതെ പോയ ഇഫ്താർ മുരളി തന്റെ വസതിയിൽ ബുധനാഴ്ച നടത്തിയത്. റഫീഖിന്റെ മാതാപിതാക്കളും ഭാര്യയും കുട്ടികളും ബന്ധുക്കളും പുന്നക്കാട് ഓട്ടോ പാർക്കിലെ സുഹൃത്തുക്കളും കീഴാറ്റൂരിലെ നാട്ടുകാരുമുൾപ്പെടെ 170ഓളം പേർ ഇഫ്താറിൽ പങ്കെടുത്തു.
പല പ്രദേശങ്ങളിലായി നൂറുകണക്കിന് കുട്ടികളെ നൃത്തം അഭ്യസിപ്പിക്കുന്ന മുരളി മൂന്നു വർഷം മുമ്പ് കരുവാരകുണ്ടിലെ ക്ലാസ് കഴിഞ്ഞ് മടങ്ങവെ റഫീഖിനെ ഓട്ടം വിളിച്ചു. റഫീഖിന്റെ പെരുമാറ്റവും സംസാരവും ഇഷ്ടമായ മുരളി മാഷ് പിന്നീട് ഡാൻസ് ക്ലാസുകൾക്കും കലോത്സവങ്ങൾക്ക് പോകാനും അദ്ദേഹത്തെ ഓട്ടം വിളിക്കാൻ തുടങ്ങിയതോടെയാണ് സൗഹൃദം വളർന്നത്.