കീഴാറ്റൂരിൽ ഇരുമുന്നണികൾക്കും പ്രതീക്ഷ
text_fieldsകീഴാറ്റൂര്‍: വലതുപക്ഷത്തിന് മേൽകൈയുള്ള കീഴാറ്റൂർ ഗ്രാമപഞ്ചായത്തിൽ ഭരണം നിലനിർത്താൻ യു.ഡി.എഫും പിടിച്ചെടുക്കാൻ എൽ.ഡി.എഫും തെരഞ്ഞെടുപ്പ് ഗോദയിൽ വാശിയേറിയ പ്രചാരണത്തിലാണ്. മിടുക്കരായ സ്ഥാനാർഥികളെയാണ് ഇരുപക്ഷവും കളത്തിലിറക്കിയിരിക്കുന്നത്. ഇരുമുന്നണികൾക്കും പ്രതീക്ഷ നൽകുന്ന പഞ്ചായത്താണിത്.
യു.ഡി.എഫ് കോട്ടയെന്നറിയപ്പെടുന്ന ഇവിടെ രണ്ടുതവണ എൽ.ഡി.എഫ് ഭരണത്തിലേറിയിട്ടുണ്ട്. 1962ൽ പഞ്ചായത്ത് നിലവില്‍ വന്നതിന് ശേഷം കൂടുതല്‍ കാലം യു.ഡി.എഫും 1995ലും 2000ത്തിലുമായി പത്ത് വര്‍ഷം എല്‍.ഡി.എഫും ഭരിച്ചു. കഴിഞ്ഞ അഞ്ചു വർഷക്കാലം പഞ്ചായത്തിൽ നടത്തിയ വികസന പ്രവർത്തനങ്ങൾ മുന്നോട്ടുവെച്ചാണ് യു.ഡി.എഫ് വോട്ടുതേടുന്നത്. പഞ്ചായത്ത് ഭരണസമിതിയുടെ വികസനമുരടിപ്പും സംസ്ഥാന സർക്കാറിന്റെ ഭരണനേട്ടങ്ങളും മുന്നോട്ടുവെച്ചാണ് എൽ.ഡി.എഫ് രംഗത്തുള്ളത്.
2015ൽ ഇടതുപക്ഷത്തിന് ഏഴ് സീറ്റും കോൺഗ്രസിന് രണ്ടു സീറ്റുമാണുണ്ടായിരുന്നത്. ഇത് 2020ൽ ഇടതുപക്ഷത്തിന് രണ്ട് സീറ്റായി ചുരുങ്ങുകയും കോൺഗ്രസിന് ഏഴ് സീറ്റുകളായി വർധിക്കുകയും ചെയ്തു. 2015ലും 2020ലും മുസ്ലിം ലീഗിന് ഒമ്പത് സീറ്റുകളാണുണ്ടായിരുന്നത്. യു.ഡി.എഫ് പിന്തുണയോടെ വെല്‍ഫെയര്‍ പാര്‍ട്ടിയും 16ാം വാർഡിൽ (മുള്ള്യാകുർശ്ശി നോർത്ത്) ഇത്തവണയും മത്സര രംഗത്തുണ്ട്. കഴിഞ്ഞതവണ വെല്‍ഫെയർ പാർട്ടി ഇൗ സീറ്റിൽ വിജയിച്ചിരുന്നു.
കഴിഞ്ഞതവണ 14 വാര്‍ഡുകളിൽ മത്സരിച്ച ബി.ജെ.പി ഇത്തവണ 13 വാർഡുകളിലും രണ്ട് േബ്ലാക്ക് ഡിവിഷനുകളിലും മത്സര രംഗത്തുണ്ട്. ആറ് പഞ്ചായത്ത് വാർഡുകളിലും രണ്ട് േബ്ലാക്ക് ഡിവിഷനുകളിലും എസ്.ഡി.പി.െഎ സ്ഥാനാർഥികളും മത്സരിക്കുന്നു. 19 വാർഡുകളുണ്ടായിരുന്ന പഞ്ചായത്തിൽ വാർഡ് വിഭജനത്തോടെ 22 സീറ്റുകളായി ഉയർന്നു. മുസ്ലിം ലീഗ് -9, കോണ്‍ഗ്രസ് -7, വെല്‍ഫെയര്‍ പാര്‍ട്ടി -1, സി.പി.എം -2 എന്നിങ്ങനെയാണ് കഴിഞ്ഞ തെരഞ്ഞെടുപ്പിലെ സീറ്റ് നില.


