റഫ്രിജറേറ്റര്‍ പൊട്ടിത്തെറിച്ച് അപകടം; വീടിന് കേടുപാട്
text_fieldsപൊട്ടിത്തെറിച്ച റഫ്രിജറേറ്ററിന് സമീപം ബാബു
കീഴാറ്റൂർ: ചെമ്മന്തട്ടയില്‍ റഫ്രിജറേറ്റര്‍ പൊട്ടിത്തെറിച്ച് അപകടം. പുതുക്കൊള്ളിയിലെ കൊച്ചുംപുറത്ത് ബാബുവിന്റെ വീട്ടിലെ റഫ്രിജറേറ്ററാണ് ചൊവ്വാഴ്ച പുലർച്ച മൂന്നോടെ പൊട്ടിത്തെറിച്ചത്. ആളപായമില്ല. വീടിന് കേടുപാടുകള്‍ സംഭവിച്ചു. സംഭവസമയത്ത് ബാബുവും കുടുംബവും വീട്ടിലുണ്ടായിരുന്നു. കുഞ്ഞിന്റെ കരച്ചില് കേട്ടാണ് വീട്ടുകാര്‍ ഉണരുന്നത്. ഇതിനിെട അടുക്കളയില്‍നിന്ന് പൊട്ടിത്തെറി ശബ്ദം കേട്ടതോടെ എല്ലാവരും പുറത്തേക്കിറങ്ങി.
തുടരെയുണ്ടായ പൊട്ടിത്തെറിയില്‍ അടുക്കള ഭാഗത്തിന്റെ ചുവരുകള്‍ അടര്‍ന്ന് വീഴാറാവുകയും വിള്ളലേല്‍ക്കുകയും ചെയ്തു. ഈ ഭാഗത്തെ വയറിങ് അഗ്നിക്കിരയായി. ജനല്‍ച്ചില്ലുകള്‍ പൊട്ടുകയും ടെറസിന് വിള്ളലേല്‍ക്കുകയും ചെയ്തിട്ടുണ്ട്. റഫ്രിജറേറ്ററും അടുക്കളയിലെ ഷെല്‍ഫും അതിലെ സാധനങ്ങളും പൂർണമായും കത്തിനശിച്ചു. പുകയും ഗന്ധവും കാരണം സമീപത്തേക്കടുക്കാന് കഴിയാത്ത സ്ഥിതിയായിരുന്നെന്ന് ബാബു പറഞ്ഞു.
പിന്നീട് സമീപവാസികളുടെ സഹായത്തോടെയാണ് തീ അണച്ച് സ്ഥിതിഗതികള്‍ ശാന്തമാക്കിയത്. ആറ് വര്‍ഷം മുമ്പ് വാങ്ങിയ റഫ്രിജറേറ്ററാണ് പൊട്ടിത്തെറിച്ചത്. കമ്പനിക്കെതിരെ നിയമ നടപടിക്കൊരുങ്ങുകയാണ് കുടുംബം.