നാടിനൊപ്പം കേരളീയനും ഇന്ന് പിറന്നാൾ
text_fieldsപൊന്നാനി: ഭാഷാടിസ്ഥാനത്തിൽ കേരളം പിറവികൊണ്ടിട്ട് 69 വർഷം പൂർത്തിയാകുമ്പോൾ കേരളത്തോടൊപ്പം കേരളീയനും 69ാം പിറന്നാൾ ആഘോഷിക്കും. വെളിയങ്കോട് സ്വദേശി തൈപ്പറമ്പിൽ കേരളീയനാണ് ജന്മദേശത്തിനൊപ്പം പിറന്നാൾ ആഘോഷിക്കുന്നത്. കേരളപ്പിറവിദിനത്തിൽ ജനിച്ച കുട്ടിക്ക് കേരളീയൻ എന്ന പേര് നൽകിയത് സ്വാതന്ത്ര്യസമരസേനാനികളുമായി ഏറെ അടുപ്പമുണ്ടായിരുന്ന അച്ഛൻ തൈപ്പറമ്പിൽ അപ്പുണ്ണിയാണ്. പേരിലെ കൗതുകം ജീവിതത്തിലുടനീളം അഭിമാനമായി കൊണ്ടുനടക്കുന്ന വ്യക്തിയാണ് ടി.പി. കേരളീയൻ. സ്കൂൾ കാലഘട്ടം മുതൽതന്നെ കെ.എസ്.യു പ്രവർത്തകനായ കേരളീയൻ 1991 മുതൽ ഡി.സി.സി അംഗമാണ്. ഒറ്റത്തവണ കേട്ടാൽ മനസ്സിൽ പതിയുന്ന പേരായതിനാൽ ഏറെ ഗുണംചെയ്തെന്നാണ് കേരളീയന്റെ പക്ഷം.
പേര് രസകരമായ സന്ദർഭങ്ങൾക്കുമിടയാക്കിയിട്ടുണ്ട്. ഒരിക്കൽ പൊലീസ് ഇൻസ്പെക്ടറോട് ഫോണിൽ പേര് പറഞ്ഞപ്പോൾ ‘ഞാനും കേരളീയനാണ്’ എന്ന രസകരമായ മറുപടിയാണ് ലഭിച്ചത്. മകളുടെ പഠനസമയത്ത് പി.ടി.എ യോഗത്തിൽ പേര് പറയാൻ മടിച്ച അധ്യാപികയോട് കാര്യം തിരക്കിയപ്പോൾ ഇരട്ടപ്പേരാണെന്ന തെറ്റിദ്ധാരണയിലാണ് പറയാത്തതെന്നായിരുന്നു അവരുടെ മറുപടി. പിതാവ് ചെയ്ത ഏറ്റവും വലിയ കാര്യമാണ് തന്റെ പേരെന്നാണ് കേരളീയൻ പറയുന്നത്. മക്കളുടെ ആഗ്രഹപ്രകാരം ചെറുമകനും റിദാൻ കേരളീയൻ എന്ന പേരാണിട്ടിരിക്കുന്നത്. കേരളീയനെ ഇന്ന് വെളിയങ്കോട് കോൺഗ്രസ് കമ്മിറ്റി ആദരിക്കും.


