വീടെന്ന സ്വപ്നം യാഥാർഥ്യമായി, തൃക്കളയൂർ പീപ്ൾസ് വില്ലേജ് നാടിന് സമർപ്പിച്ചു
text_fieldsതൃക്കളയൂർ പീപ്ൾസ് വില്ലേജിന്റെ താക്കോൽദാനം വി. ഷഹീദ് മാസ്റ്റർക്ക് നൽകി ജമാഅത്തെ ഇസ്ലാമി സംസ്ഥാന ജനറൽ സെക്രട്ടറി വി.ടി. അബ്ദുല്ലക്കോയ തങ്ങൾ നിർവഹിക്കുന്നു
കീഴുപറമ്പ്: വീടെന്ന സ്വപ്നം ഉള്ളിലൊതുക്കി കഴിഞ്ഞുകൂടിയ ആറ് കുടുംബങ്ങൾക്ക് ഒരുകൂട്ടം സുമനസ്സുകളുടെ കനിവിൽ തൃക്കളയൂർ പീപ്ൾസ് വില്ലേജിലൂടെ സ്നേഹ വീടുകൾ യാഥാർഥ്യമായി. 2020 ഒക്ടോബറിലായിരുന്നു അർഹരായ കുടുംബങ്ങൾക്ക് സ്വകാര്യ വ്യക്തി നൽകിയ അര ഏക്കർ ഭൂമിയിൽ തറക്കല്ലിടൽ നിർവഹിച്ച് പണി തുടങ്ങിയത്.
ആദ്യഘട്ടത്തിൽ ആറു വീടുകളും രണ്ടാംഘട്ടത്തിൽ നാലുവീടുകളുമാണ് ഇവിടെ നിർമിക്കുന്നത്. കോവിഡ് പ്രതിസന്ധിയിലും പരമാവധി വേഗത്തിൽ ആറു വീടുകൾ സമ്പൂർണമായി പൂർത്തീകരിച്ചു. രണ്ടുമുറികൾ, ഡൈനിങ് ഹാൾ, അടുക്കള, ബാത്ത്റൂം, വരാന്ത എന്നിവ ഉൾപ്പെടെ പ്രകൃതിക്കിണങ്ങി മനോഹരമായാണ് വീടുകൾ ഒരുക്കിയത്.
സ്നേഹ വീടുകളുടെ താക്കോൽ ജമാഅത്തെ ഇസ്ലാമി സംസ്ഥാന ജനറൽ സെക്രട്ടറി വി.ടി. അബ്ദുല്ലക്കോയ തങ്ങൾ ജമാഅത്തെ ഇസ്ലാമി അരീക്കോട് ഏരിയ സെക്രട്ടറി വി. ഷഹീദ് മാസ്റ്റർക്ക് കൈമാറി. പീപ്ൾസ് വില്ലേജ് ഉൾപ്പെടുന്ന പ്രദേശത്തേക്കുള്ള കുടിവെള്ള പദ്ധതി ഉദ്ഘാടനം കീഴുപറമ്പ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി.പി. സഫിയയും വൈദ്യുതീകരിച്ച വീടുകളുടെ സ്വിച്ച് ഓൺ കീഴുപറമ്പ് ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ പി.കെ. മുഹമ്മദ് അസ്ലമും നിർവഹിച്ചു.
പീപ്ൾസ് ഫൗണ്ടേഷൻ ചെയർമാൻ എം.കെ. മുഹമ്മദലി അധ്യക്ഷത വഹിച്ച ചടങ്ങിൽ കെ.വി. കരീം മാസ്റ്റർ, രത്നകുമാരി രാമകൃഷ്ണൻ, സി.കെ. സഹ്ല മുനീർ, സുരേന്ദ്രൻ അഞ്ഞങ്ങാട്, ടി. ശശികുമാർ, എൻ. അബ്ദുൽകരീം മാസ്റ്റർ, വൈ.പി. അബൂബക്കർ മാസ്റ്റർ, വി.പി. ഷൗക്കത്തലി, എം.കെ. സഗീർ മാസ്റ്റർ, ശാക്കിർബാബു കുനിയിൽ, പി.വി. ഇബ്രാഹിം എന്നിവർ സംസാരിച്ചു.