കീഴുപറമ്പ് ജലോത്സവം: നാല് തോണികൾ നീറ്റിലിറക്കി
text_fieldsനിർമാണം പൂർത്തിയാക്കിയ നാല് തോണികളുമായി
സംഘാടകർ ചാലിയാറിലെ മുറിഞ്ഞിമാട് കടവിൽ
കീഴുപറമ്പ്: കീഴുപറമ്പിൽ നടക്കുന്ന ഉത്തര മേഖല ജലോത്സവത്തിനായി നിർമിച്ച നാല് തോണികൾ ഉത്സവാന്തരീക്ഷത്തിൽ ചാലിയാറിൽ ഇറക്കി. ജനുവരി 16, 30 തീയതികളിലാണ് കീഴുപറമ്പ് സി.എച്ച് ക്ലബിന്റെയും റോവേഴ്സ് ക്ലബിന്റെയും നേതൃത്വത്തിൽ ജലോത്സവം സംഘടിപ്പിക്കുന്നത്. മുറിഞ്ഞിമാട് സ്വദേശിയും ആശാരിയുമായ പാറക്കൽ മുഹമ്മദ് കുട്ടിയാണ് തോണികൾ നിർമിച്ചത്. ഒളവട്ടൂരിലെ മലയിൽനിന്ന് നാട്ടുകാരുടെ നേതൃത്വത്തിലാണ് ഇവക്കാവശ്യമായ മരം മുറിച്ചെടുത്തത്. ഒന്നരമാസത്തിന് ശേഷമാണ് നിർമാണം പൂർത്തിയാക്കിയത്.
ഒരു തോണിക്ക് ഏകദേശം ഒന്നേകാൽ ലക്ഷം രൂപയാണ് ചെലവ്. 37 അടി നീളത്തിലും 25 ഇഞ്ച് വീതിയിലുമാണ് നിർമാണം. ഒമ്പത് പേർക്ക് മത്സരിക്കാനുള്ള തോണികളാണ് നിർമിച്ചതെങ്കിലും 15 പേർക്ക് വരെ സഞ്ചരിക്കാൻ കഴിയുന്ന തരത്തിലാണ് ഒരുക്കിയത്. നിർമാണം പൂർത്തിയാക്കിയ തോണികൾ പരമ്പരാഗത രീതിയിൽ ആഘോഷങ്ങളോടെയാണ് ആശാരിയുടെ ഷെഡിൽനിന്ന് നീറ്റിലിറക്കിയത്.
കഴിഞ്ഞ രണ്ടു വർഷം കോവിഡ് ആശങ്ക കാരണം ജലോത്സവം നടത്തിയിരുന്നില്ല. ഈ വർഷവും കോവിഡ് ഭീഷണിയുണ്ടെങ്കിലും മികച്ച രീതിയിൽ ജലോത്സവം സംഘടിപ്പിക്കാൻ കഴിയുമെന്നാണ് സംഘാടകരുടെ പ്രതീക്ഷ.