കുനിയിൽ റോഡിലെ കൈയേറ്റം ഒഴിപ്പിച്ചു; വീട്ടിൽനിന്ന് പുറത്തിറങ്ങാൻ കഴിയാതെ വയോധിക ദമ്പതികൾ
text_fieldsപൊളിച്ചുനീക്കിയ വീടിന് മുന്നിൽ ശ്രീധരനും ഭാര്യയും
കീഴുപറമ്പ്: റീ സർവേ പ്രകാരം കുനിയിൽ പെരുങ്കടവ് പാലം വരെയുള്ള കൈയേറ്റം ഒഴിപ്പിച്ചതോടെ വയോധിക ദമ്പതികൾ ദുരിതത്തിലായി. കഴിഞ്ഞ ദിവസമാണ് മേഖലയിൽ പൊതുമരാമത്ത് വകുപ്പ് കൈയേറ്റ ഭൂമി ഒഴിപ്പിക്കുന്നതിന്റെ ഭാഗമായി സ്വകാര്യ വ്യക്തികളുടെ ഭൂമിയിൽ കൈയേറ്റം കണ്ടെത്തിയ മേഖല പൊളിച്ച് നീക്കിയത്.
പാരമ്പര്യ വൈദ്യനായിരുന്ന ശ്രീധരനും ഭാര്യയും താമസിക്കുന്ന വീടിന്റെ മുൻഭാഗവും പൊളിച്ചു നീക്കി. രോഗികളായ ഇരുവർക്കും പരസഹായമില്ലാതെ വീട്ടുമുറ്റത്തേക്ക് പോലും ഇറങ്ങാൻ സാധിക്കില്ല. ഇതിനിടയിലാണ് ഇവരുടെ വീട്ടിൽ കയറാനുള്ള പടികളും അധികൃതർ പൊളിച്ചു നീക്കിയത്. നിലവിൽ വീട്ടിൽനിന്ന് പുറത്തിറങ്ങാൻ കഴിയാത്ത അവസ്ഥയിലാണ് ദമ്പതികൾ
കൈയേറ്റം ഒഴിപ്പിക്കുന്നതിന് കുറഞ്ഞ ഭാഗം മാത്രമാണ് പൊളിച്ചു നീക്കുക എന്നാണ് അധികൃതർ നേരത്തേ പറഞ്ഞിരുന്നത്. എന്നാൽ കൈയേറ്റം ഒഴിപ്പിച്ച സമയം വലിയ ഭാഗം പൊളിച്ചു നീക്കി. ഇതാണ് വീടിന്റെ പടികൾ പൊളിഞ്ഞു പോകാൻ ഇടയാക്കിയത് എന്ന് ശ്രീധരൻ ‘മാധ്യമ’ത്തോട് പറഞ്ഞു. താൻ കുറെ വർഷങ്ങളായി നികുതിയടക്കുന്ന ഭൂമിയാണ് അധികൃതർ പൊളിച്ചു നീക്കിയത്. സമീപത്തെ മറ്റു വീടുകളിലും സമാനമായ രീതിയിൽ പൊളിച്ചു നീക്കിയിട്ടുണ്ട്. അവരോട് പണം ചെലവഴിച്ച് പുതിയത് നിർമിക്കാനാണ് അധികൃതർ പറഞ്ഞത്.