അങ്ങാടിപ്പുറം-വളാഞ്ചേരി റോഡ്; ചളിയിൽ നീന്തി വാഹനങ്ങൾ
text_fieldsകൊളത്തൂർ: മഴ തുടങ്ങിയതോടെ ചളിയിൽ കുടുങ്ങി വാഹനങ്ങൾ. അങ്ങാടിപ്പുറം-വളാഞ്ചേരി റൂട്ടിൽ ഓണപ്പുടയിലാണ് വാഹനങ്ങളുടെ ദുരിതയാത്ര. റോഡ് നവീകരണം എവിടെയും എത്താതായതോടെ സഹികെട്ട ജനം മണ്ണിട്ട് കുഴിയടച്ചതാണ് റോഡ് ചളിക്കുളമാവാൻ കാരണം. ഓണപ്പുട മാലാപറമ്പ് റോഡിൽ സ്ഥിരമായി വെള്ളം കെട്ടി നിൽക്കുന്ന ഭാഗത്ത് റോഡ് തകർച്ച നിത്യസംഭവമാണ്. മാസങ്ങൾക്ക് മുമ്പ് മാലാപറമ്പ് മുതൽ വെങ്ങാട് വരെയുള്ള ഭാഗങ്ങളിൽ 97 ലക്ഷം രൂപ ചിലവഴിച്ച് അറ്റകുറ്റപ്പണി നടത്തിയതിൽ ഈ ഭാഗവും ഉൾപ്പെട്ടിരുന്നു.
എന്നാൽ അറ്റകുറ്റപ്പണികഴിഞ്ഞ് ഒരു മാസത്തിന് ശേഷം ഇവിടങ്ങളിലെല്ലാം റോഡ് പാടെ തകരുകയായിരുന്നു. ഇതോടെ വെങ്ങാട് മുതൽ പാലച്ചോട് വരെ ഗതാഗതം വീണ്ടും ദുരിതത്തിലായി. റോഡിൽ പരസ്പരം ചളി തെറിപ്പിച്ചാണ് വാഹനങ്ങൾ സഞ്ചരിക്കുന്നത്. വിദ്യാർഥികളടങ്ങുന്ന കാൽനടയാത്രക്കാർ ഇതോടെ ബുദ്ധിമുട്ടിലായി.
ആഗസ്റ്റ് മുതൽ 12 കോടി ചിലവിൽ വെങ്ങാട് നിന്ന് തുടക്കം കുറിച്ച വെങ്ങാട് ഗോഗുലം - മാലാപറമ്പ്-പാലച്ചോട് വരെയുള്ള പാതയുടെ നവീകരണം ആദ്യ ഘട്ടം ഇപ്പോഴും കൊളത്തൂർ ആലുംകൂട്ടത്തിലാണെത്തിയിട്ടുള്ളത്.
ആലുംകൂട്ടം മുതൽ പാലച്ചോട് വരെ ഇനിയും നാലു കിലോമീറ്റർ പ്രവൃത്തി കൂടി പൂർത്തിയായെങ്കിൽ മാത്രമെ അങ്ങാടിപ്പുറം - വളാഞ്ചേരി റൂട്ടിൽ ഗതാഗത ദുരിതത്തിന് അറുതി വരികയുള്ളു.