കൈവരികൾ തകർന്ന് കൊളത്തൂരിലെ അപകട പാലം
text_fieldsഅങ്ങാടിപ്പുറം-വളാഞ്ചേരി റൂട്ടിൽ കൊളത്തൂർ ഓഡിറ്റോറിയത്തിന് മുന്നിലെ കൈവരി തകർന്ന പാലം
കൊളത്തൂർ: കൈവരി തകർന്ന പാലം അപകടകെണി. അങ്ങാടിപ്പുറം-വളാഞ്ചേരി റൂട്ടിൽ കൊളത്തൂർ പള്ളിപ്പടിക്കും അമ്പലപ്പടിക്കുമിടയിൽ പാടം ഭാഗത്താണ് പാലം. ശ്രദ്ധിച്ചില്ലെങ്കിൽ ഈ പാലത്തിൽ നിന്ന് വാഹനങ്ങൾ നിയന്ത്രണം വിട്ട് താഴെ തോട്ടിൽ വീഴും. ഇങ്ങനെ ചെറുവാഹനങ്ങൾ അപകടത്തിൽപെടുന്നത് ഇവിടെ പതിവാണ്. കഴിഞ്ഞ ദിവസം നാലുമണിയോടെ പെരിന്തൽമണ്ണ ഭാഗത്ത് നിന്ന് വരികയായിരുന്ന കാർ തോട്ടിലേക്ക് വീണതാണ് ഒടുവിലത്തെ സംഭവം. താഴെയുള്ള പൈപ്പ് ലൈൻ ഭിത്തിയിലും മറ്റും തടഞ്ഞ് കാർ തോട്ടിൽ വീഴാതിരുന്നതിനാൽ വാഹനം ഓടിച്ചിരുന്ന യുവതി അപകടത്തിൽ നിന്ന് രക്ഷപ്പെടുകയായിരുന്നു.
പാലം നവീകരണം എങ്ങുമെത്താത്തതാണ് അപകടങ്ങൾക്ക് കാരണം. പാലങ്ങൾ സ്ഥിതി ചെയ്യുന്ന ഭാഗത്ത് റോഡിന് വീതി കുറഞ്ഞതും അപകടങ്ങൾക്ക് കാരണമാവുന്നുണ്ട്. ഇവിടെയുള്ള രണ്ട് പാലങ്ങളും നവീകരിക്കാൻ സേതു ബന്ധൻ സെൻട്രൽ റോഡ് ഇൻഫ്രാസ്ട്രക്ച്ചർ ഫണ്ടിൽ നിന്ന് കേന്ദ്രം പത്തുകോടി രൂപ അനുവദിച്ചിരുന്നതായി ഒന്നര വർഷം മുമ്പ് പറയപ്പെട്ടിരുന്നു. നവീകരണ പദ്ധതിയുടെ രൂപകൽപനയടക്കം പൂർത്തിയാക്കി സ്ഥലം എം.എൽ.എ മഞ്ഞളാംകുഴി അലി, ദേശീയപാത എക്സിക്യൂട്ടീവ് എൻജിനീയർ അനിതകുമാരി, അസി. എക്സിക്യൂട്ടീവ് എൻജിനീയർ ഷമീർ ബാബു, അസി. എൻജിനീയർ കെ.എൻ. സീന, ഓവർസിയർ അജീഷ് കുമാർ എന്നിവർ 2023 ജൂലായ് ആദ്യവാരം സ്ഥലം സന്ദർശിച്ചിരുന്നു. മാലാപറമ്പ് പാലച്ചോട്-വെങ്ങാട് ഗോകുലം റോഡ് നവീകരണം പൂർത്തിയാകും മുമ്പ് പാലങ്ങളുടെ നവീകരണവും നടക്കുമെന്ന പ്രതീക്ഷയിലാണ് നാട്ടുകാർ.