നിർമാണത്തിൽ അപാകത; വെങ്ങാട് മൂതിക്കയം റെഗുലേറ്റർ കം ബ്രിഡ്ജ് വിദഗ്ധ സംഘം സന്ദർശിച്ചു
text_fieldsവെങ്ങാട് മൂതിക്കയം റെഗുലേറ്റർ കം ബ്രിഡ്ജ് നിർമാണ അപാകത അന്വേഷിക്കാനെത്തിയ വിദഗ്ധ സംഘം
കൊളത്തൂർ: വെങ്ങാട് കീഴുമുറി മൂതിക്കയം റെഗുലേറ്റർ കം ബ്രിഡ്ജ് നിർമാണത്തിൽ അപാകതയുണ്ടായി പരാതിയിൽ സാങ്കേതിക പരിശോധനക്കായി രൂപവത്കരിച്ച സാങ്കേതിക സമിതി സ്ഥലം സന്ദർശിച്ചു. ജില്ല കലക്ടറുട ഉത്തരവ് പ്രകാരം മൂതിക്കയം പാലം കൂട്ടായ്മ പ്രതിനിധി നാസർ പുഴക്കൽ നൽകിയ പരാതിയിലുള്ള നടപടിയുടെ ഭാഗമായാണ് സാങ്കേതിക സമിതി രൂപവത്കരിച്ചത്. മൈനർ ഇറിഗേഷൻ മൈനിങ് ആൻ ജിയോളജി ദുരന്ത നിവാരണ അതോറിറ്റി തുടങ്ങിയ ഏഴോളം വിഭാഗങ്ങളിൽനിന്നുള്ള സംഘമായിരുന്നു പരിശോധന നടത്തിയത്.
സംഘത്തോട് പ്രദേശവാസികൾ തങ്ങളുടെ ആശങ്കകൾ അറിയിക്കുകയുണ്ടായി എന്നാൽ, പാലത്തിന്റെ നിർമാണത്തിലുണ്ടായ അപാകതയും അപാകത പരിഹരിക്കാനെന്ന പേരിൽ പുഴ ആഴം കൂട്ടുന്നത് കൊണ്ടുണ്ടാകുന്ന മറ്റു പ്രശ്നങ്ങളുമായിരുന്നു പരാതിക്കാരൻ ചൂണ്ടിക്കാട്ടിയത്. ആയതിൽ ആർ.സി.ബിയുമായി ബന്ധപ്പെട്ട നിലവിലെ രണ്ടു ഏജൻസിയേ കൂടാതെ മൂന്നാമതൊരു ഏജൻസിയെ കൊണ്ട് പുഴ ആഴം കൂട്ടൽ സംബന്ധമായ പഠനം ഏൽപ്പിക്കാൻ ധാരണയുണ്ടെന്നും സംഘം മേധാവി അറിയിച്ചു.
എന്നാൽ, പാലം നിർമാണത്തിൽ വന്ന ഗുരുതര അപാകത കാരണം താഴ്ന്ന് പോയ പാലത്തിന്റെ നിലവിലെ അപാകതയാണ് ആദ്യം പരിശോധിക്കേണ്ടതെന്നും പാലത്തിന്റെ ഫൗണ്ടേഷൻ ബെഡ് ലെവൽ മുതൽ പാറയിലേക്കുള്ള ആഴം പരിശോധിക്കാനും ആവശ്യപ്പെട്ടു കൊണ്ട് ഈ മീറ്റിങ്ങിൽ തന്നെ പ്രസ്തുത സംഘത്തിന് രേഖാമൂലം കത്തുനൽകിയിട്ടുണ്ടെന്നും പാലം കൂട്ടായ്മ പ്രതിനിധി അറിയിച്ചു.