കുറുവയിൽ 75 ഗ്രാം എം.ഡി.എം.എയുമായി രണ്ടുപേർ അറസ്റ്റിൽ
text_fieldsമുഹമ്മദലി, ദീപക്
കൊളത്തൂർ: കുറുവയിൽ വാടക ക്വാര്‍ട്ടേഴ്സുകള്‍ കേന്ദ്രീകരിച്ച് നടത്തിയ പരിശോധനയിൽ 75 ഗ്രാം എം.ഡി.എം.എയുമായി രണ്ടുപേരെ പൊലീസ് അറസ്റ്റ് ചെയ്തു. പാങ്ങ് സൗത്ത് ചോമയില്‍ മുഹമ്മദ് അലി (35), വയനാട് വടുവഞ്ചാല്‍ ദിജിഭവന്‍ വീട്ടില്‍ ദീപക് (28) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്.
മലപ്പുറം ജില്ല പൊലീസ് മേധാവി ആര്. വിശ്വനാഥിന് രഹസ്യവിവരം ലഭിച്ചതിനെ തുടർന്ന് പെരിന്തല്‍മണ്ണ ഡിവൈ.എസ്.പി ടി.കെ. ഷൈജു, കൊളത്തൂര്‍ ഇന്‍സ്പെക്ടര്‍ സംഗീത് എന്നിവരുടെ നേതൃത്വത്തില്‍ ജില്ല ആന്റി നാർകോട്ടിക് സ്ക്വാഡ് എസ്.ഐ എന്‍. റിഷാദ് അലിയും സംഘവുമാണ് പരിശോധന നടത്തി പ്രതികളെ പിടികൂടിയത്. ബംഗളൂരു കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന സിന്തറ്റിക് ലഹരിമരുന്ന് വില്പന സംഘത്തിലെ ഏജന്റുമാരായി പ്രവര്‍ത്തിക്കുന്ന മലയാളികളുൾപ്പെടെയുള്ളവര്‍ മുഖേനയാണ് പ്രതികള്‍ ലഹരിമരുന്ന് വാങ്ങിയത്. മുഹമ്മദ് അലിയുടെ പേരില്‍ പെരിന്തല്‍മണ്ണ, വളാഞ്ചേരി സ്റ്റേഷനുകളില്‍ ലഹരിക്കേസുകളുണ്ട്.
പെരിന്തല്‍മണ്ണ ഇന്‍സ്പെക്ടര്‍ സുമേഷ് സുധാകരന്റെ സാന്നിധ്യത്തിലാണ് പരിശോധന പൂര്‍ത്തിയാക്കിയത്. ലഹരി വില്പന സംഘത്തിലെ മറ്റു കണ്ണികളെക്കുറിച്ചുള്ള സൂചനകള്‍ ലഭിച്ചതായും കൂടുതല്‍ വിവരങ്ങള്‍ ശേഖരിച്ചുവരുകയാണെന്നും പൊലീസ് അറിയിച്ചു. പി. പ്രശാന്ത്, എന്‍.ടി. കൃഷ്ണകുമാര്‍, എം. മനോജ് കുമാര്‍, കെ. ദിനേഷ്, കെ. പ്രഭുല്‍ എന്നിവരും പരിശോധന സംഘത്തിലുണ്ടായിരുന്നു. പ്രതികളെ പെരിന്തല്‍മണ്ണ കോടതിയില്‍ ഹാജരാക്കി.