അറ്റകുറ്റപ്പണി നടത്തിയ റോഡ് വീണ്ടും തകർന്നു
text_fieldsകൊളത്തൂർ: അങ്ങാടിപ്പുറം-വളാഞ്ചേരി റൂട്ടിൽ അറ്റകുറ്റപ്പണി നടത്തിയ റോഡ് വീണ്ടും തകർന്നു. വെങ്ങാട് എടയൂർ റോഡ് ജങ്ഷനിലാണ് അറ്റകുറ്റപ്പണി നടത്തിയ റോഡ് ഒരു മാസം പോലും തികയുംമുമ്പ് തകർന്നത്. പാടെ തകർന്ന റോഡിന്റെ പാലച്ചോട് മുതൽ വെങ്ങാട് ഗോകുലം വരെഭാഗങ്ങളിലെ നവീകരണ പ്രവർത്തനത്തിന് 12 കോടി അനുവദിച്ചിരുന്നു. എന്നാൽ തെരഞ്ഞെടുപ്പു പെരുമാറ്റചട്ടം നിലവിൽ വന്നതോടെ പ്രവൃത്തി മാറ്റി വെക്കുകയായിരുന്നു. തെരഞ്ഞെടുപ്പും ഫലപ്രഖ്യാപനവും കഴിയുന്നതോടെ കാലവർഷവും തുടർന്ന് തുലാവർഷവും കഴിഞ്ഞ് റോഡ് നവീകരണത്തിന് കാലതാമസം നേരിടുമെന്ന അവസ്ഥയിലാണ് ഏപ്രിൽ 14ന് പാലച്ചോടുനിന്ന് അറ്റകുറ്റപ്പണിക്ക് തുടക്കമിട്ടത്.
പാലച്ചോട് മുതൽ ചെറിയ തോതിൽ തകർന്ന ഭാഗങ്ങളിൽ കുഴികളടക്കുമെന്നും പാടെ തകർന്ന വെങ്ങാട് ഗോകുലം വരെ ഭാഗങ്ങളിൽ ടാറിങ് നടത്തുമെന്നാണ് പറഞ്ഞിരുന്നത്. എങ്കിലും കൊളത്തൂർ അമ്പലപ്പടി വരെ ഭാഗങ്ങളിൽ മാത്രമാണ് പൂർണമായ അറ്റകുറ്റപ്പണി നടന്നിട്ടുള്ളത്. പിന്നീടങ്ങോട്ട് ഓട്ടയടക്കൽ മാത്രമാണ് നടത്തിയത്. സ്ഥലം റോഡ് നവീകരണം വൈകുന്നതിൽ പ്രതിഷേധിച്ച് എം.എൽ.എയുടെ നേതൃത്വത്തിൽ സമരത്തിന് തുടക്കം കുറിച്ച എടയൂർ റോഡ് ജങ്ഷനിൽ അട്ടിക്കല്ല് കൊണ്ടുവന്ന് കുഴിയടച്ചതല്ലാതെ മറ്റു സ്ഥലങ്ങളിൽ ചെയ്ത പോലെ ടാറിങ് നടത്താഞ്ഞതാണ് റോഡ് വീണ്ടും തകരാൻ കാരണമെന്ന് നാട്ടുകാർ പറയുന്നു.