അങ്ങാടിപ്പുറം-വളാഞ്ചേരി പാത; വെങ്ങാട് ഗോകുലം-മാലാപറമ്പ് റോഡ് നവീകരണത്തിന് തുടക്കം
text_fieldsഅങ്ങാടിപ്പുറം-വളാഞ്ചേരി പാതയിലെ മൂന്നാം ഘട്ട നവീകരണ പ്രവൃത്തിക്ക് വെങ്ങാട് പഞ്ചായത്ത് പടിയിൽ തുടക്കമായപ്പോൾ
കൊളത്തൂർ: തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം മൂലം മാറ്റി വെച്ച റോഡ് നവീകരണത്തിന് തുടക്കമായി. അങ്ങാടിപ്പുറം-വളാഞ്ചേരി പാതയിൽ വെങ്ങാട് ഗോകുലം മുതൽ മാലാപറമ്പ് പാലച്ചോട് വരെയുള്ള റോഡിന്റെ നവീകരണ പ്രവൃത്തിക്കാണ് ദിവസങ്ങൾക്ക് മുമ്പ് തുടക്കമായത്.
വെങ്ങാട് നായരുപടി, വെങ്ങാട്-എടയൂർ റോഡ് ജങ്ഷൻ, കൊളത്തൂർ ആലുംകൂട്ടം എന്നിവിടങ്ങളിൽ റോഡിൽനിന്ന് വെള്ളം ഒഴിഞ്ഞ് പോകുന്നതിനാവശ്യമായ കലുങ്കുകൾ, മഴവെള്ളച്ചാലുകൾ, ഓവുചാലുകൾ എന്നിവയുടെ നിർമാണപ്രവൃത്തിയാണ് ആദ്യഘട്ടത്തിൽ നടക്കുന്നത്.
വർഷാവസാനത്തോടെ നവീകരണ പ്രവൃത്തി പൂർത്തിയാക്കാനാണ് തീരുമാനം. വടകര ഊരാളുങ്കൽ ലേബർ സൊസൈറ്റിയാണ് പ്രവൃത്തി ഏറ്റെടുത്തത്. അങ്ങാടിപ്പുറം-വളാഞ്ചേരി പാതയിൽ അങ്ങാടിപ്പുറം മുതൽ വെങ്ങാട് ഗോകുലം വരെയുള്ള ഭാഗങ്ങളാണ് പാടേ തകർന്ന് ഗതാഗതം ദുരിതത്തിലായത്. ഇതിൽ അങ്ങാടിപ്പുറം മുതൽ പുത്തനങ്ങാടി പള്ളി വരെയുള്ള ഭാഗം ഒന്നാം ഘട്ടവും പള്ളി മുതൽ പാലച്ചോട് വരെയുള്ള ഭാഗം രണ്ടാം ഘട്ടവുമായാണ് നവീകരിച്ചത്. 12 കോടി രൂപ വകയിരുത്തി ആറ് മാസം മുമ്പ് പൂർത്തിയാക്കേണ്ടിയിരുന്ന പാലച്ചോട് മുതൽ വെങ്ങാട് ഗോകുലം വരെയുള്ള മൂന്നാം ഘട്ട പ്രവൃത്തി തെരഞ്ഞെടുപ്പ് പെരുമാറ്റ ചട്ടം നിലവിൽ വന്നതോടെ മാറ്റി വെക്കുകയായിരുന്നു. ഇതിനിടെ 97 ലക്ഷം രൂപ വകയിരുത്തി പാലച്ചോട് മുതൽ വെങ്ങാട് വരെയുള്ള തകർന്ന ഭാഗങ്ങൾ അറ്റകുറ്റപ്പണി നടത്തിയെങ്കിലും ഒരു മാസത്തിനിടെ തകരുകയായിരുന്നു. കൂടാതെ ഓണപ്പുടയിൽ തകർന്ന ഓവുപാലം പുനർനിർമിക്കുകയുണ്ടായി. എങ്കിലും കൊളത്തൂർ ജുമാമസ്ജിദിനും അമ്പലപ്പടിക്കും ഇടയിൽ പാടം ഭാഗത്ത് രണ്ട് പാലങ്ങളുടെ നവീകരണത്തിന് കേന്ദ്രം ഫണ്ട് അനുവദിച്ചെങ്കിലും പ്രവൃത്തി നടക്കുകയുണ്ടായില്ല. തുടക്കമിട്ട നവീകരണപ്രവൃത്തി പൂർണമാവുന്നതോടെ അങ്ങാടിപ്പുറം-വളാഞ്ചേരി റൂട്ടിൽ അനുഭവപ്പെടുന്ന ഗതാഗത ദുരിതത്തിനറുതിയാവും.