നിർമാണത്തിൽ അപാകത: വെങ്ങാട് മൂതിക്കയം പാലം ഇത്തവണയും വെള്ളത്തിൽ മുങ്ങും
text_fieldsകഴിഞ്ഞദിവസത്തെ മഴയിൽ വെങ്ങാട് മൂതിക്കയം പാലത്തിനൊപ്പം വെള്ളം ഉയർന്ന നിലയിൽ
കൊളത്തൂർ: വെങ്ങാട് കീഴുമുറി മൂതിക്കയം പാലത്തിന്റെ ബീമുകൾക്കൊപ്പം വെള്ളമെത്തിയതിൽ പ്രദേശവാസികൾ ആശങ്കയിൽ. ഏതാനും ദിവസങ്ങളിലുണ്ടായ മഴയിലെ അവസ്ഥയാണിത്. കഴിഞ്ഞ മഴക്കാലത്ത് പാലത്തിന് മീതെ വെള്ളം എത്തി. പാലത്തിന്റെ നിർമാണത്തിലേ ഗുരുതരമായ അപാകതയും ക്രമക്കേടും കാരണം 2022 മുതൽ കഴിഞ്ഞ ഓരോ വർഷക്കാലങ്ങളിലും കടുത്ത ആശങ്കയിലും ഭയപ്പാടിലുമാണ് പ്രദേശവാസികൾ കഴിയുന്നത്.
മൈനർ ഇറിഗേഷനാണ് പദ്ധതിക്കായി ഡി.പി.ആർ തയാറാക്കി സമർപ്പിച്ചതെങ്കിലും നിർമാണ ചുമതലയുണ്ടായിരുന്നത് കേരള ഇറിഗേഷൻ ഇൻഫ്രാസ്ട്രക്ചർ ഡെവലപ്മെൻറ് കോർപറേഷൻ ഏജൻസിക്കായിരുന്നു. ഇങ്ങനെയിരിക്കെ നിർമാണത്തിനായി മൈനർ ഇറിഗേഷൻ രൂപകൽപന ചെയ്ത ഡി.പി.ആർ വ്യവസ്ഥയിൽ ഗുരുതരമായ പിഴവ് വരുത്തിയിട്ടാണ് നിലവിൽ പാലം നിർമാണം നടന്നിട്ടുള്ളത്.
പാലത്തിന്റെ ചില ഭാഗങ്ങളിൽ ഡി.പി.ആറിന് വിരുദ്ധമായി പൈലിങ് നടത്താതെയുള്ള ഓപൺ ഫൗണ്ടേഷനാണ് നടത്തിയതെന്നും നാട്ടുകാർ പറയുന്നു. പുഴയുടെ അടിതട്ടിനേക്കാൾ മീറ്ററുകൾ താഴേയായിട്ട് നിലവിലേ ഷട്ടറുകൾ ഇറക്കി വെക്കേണ്ടതായ രീതിയിൽ പാലത്തിന്റെ ഫൗണ്ടേഷനുള്ളത്.
ഉയരം കുറവായതിനാൽ പാലം സമീപ പ്രദേശങ്ങളേക്കാൾ താഴ്ന്ന അവസ്ഥയിലാണുള്ളത്. ഇക്കാര്യങ്ങളല്ലാം ചൂണ്ടിക്കാട്ടിയുള്ള നാട്ടുകാരുടെ പരാതിയിൽ വിഷയത്തിന്റെ ഗൗരവം മൈനർ ഇറിഗേഷൻ മനസ്സിലാക്കുകയും തങ്ങൾ സമർപ്പിച്ച ഡി.പി.ആറിൽ മാറ്റം വരുത്തിയാണ് നിലവിൽ നിർമാണം നടന്നിട്ടുള്ളത്.
ആയത് പരിശോധിച്ച് വ്യക്തത വരുത്തേണ്ടതിന് നടപടിയെടുക്കാൻ മേൽ കാര്യാലയത്തിലേക്ക് റിപ്പോർട്ട് നൽകുകയുണ്ടായിട്ടുണ്ടെന്നും പ്രസ്തുത റിപ്പോർട്ടിന്റെ പകർപ്പ് മൂതിക്കയം പാലം കൂട്ടായ്മ ഭാരവാഹികൾക്ക് ലഭിച്ചിട്ടുണ്ടെന്നും കൂട്ടായ്മ ഭാരവാഹി പറഞ്ഞു.
നിർമാണ ഘട്ടത്തിൽ പാലത്തിന്റെ ഉയരക്കുറവ് ശ്രദ്ധയിൽപെട്ടയുടൻ പ്രദേശത്ത് വൻദുരന്തങ്ങൾക്കും ദുരിതങ്ങൾക്കും കാരണമാകുമെന്നും ആയതിനാൽ ഇതിന്റെ നിർമാണം താൽക്കാലികമായി തടഞ്ഞുവെക്കണമെന്നും പാലത്തിന്റെ ബീമുകൾ വരത്തക്ക വിധത്തിൽ മതിയായ ഉയരത്തിൽ പുനഃക്രമീകരിക്കണമെന്നും രേഖാമൂലം ബന്ധപ്പെട്ട അധികാരികളെ അറിയിക്കുകയുണ്ടായിട്ടുണ്ടെന്നും കൂട്ടായ്മ പറയുന്നു.
എന്നാൽ, നിലവിലെ അപാകത പരിഹരിക്കാനെന്ന പേരിൽ പുഴ ആഴം കൂട്ടി കൊണ്ട് കൃത്രിമ കയം നിർമിക്കാനാണ് അധികൃതർ ധൃതി കാണിക്കുന്നതെന്നും അത് മുകളിൽനിന്നുള്ള മണലൊലിപ്പ് ശക്തമാക്കുകയും കിലോമീറ്ററുകളോളമുള്ള മൂർക്കനാട്, തിരുവേഗപ്പുറ, വിളയൂർ തുടങ്ങിയ പഞ്ചായത്തുകളിലേ പുഴയോര ഭാഗങ്ങളിൽനിന്ന് പുഴയിലേക്കുള്ള വ്യപകമായ തോതിൽ മണ്ണിടിച്ചിലിനും മണലൊഴുക്കിനും കാരണമാവുകയും സമീപ പ്രദേശങ്ങളിലെ വീടുകൾ ഉൾപ്പെടെ ഭാവിയിൽ പുഴയെടുക്കുന്ന സാഹചര്യത്തിലേക്കെത്തുമെന്നും നാട്ടുകാർ ഭയപ്പെടുന്നു.