നെയ്തു തുടങ്ങിയ നന്മയുടെ നിറമുള്ള സ്വപ്നങ്ങള്‍ ബാക്കി; കൊണ്ടോട്ടിയുടെ സ്വന്തം അബൂ ഹാമിദ് മാസ്റ്റര്‍ മടങ്ങി
text_fieldsകൊണ്ടോട്ടി: നെയ്തു തുടങ്ങിയ നന്മയുടെ നിറമുള്ള സ്വപ്നങ്ങള്‍ ബാക്കിയാക്കി കൊട്ടുക്കര പി.പി.എം ഹയര്‍ സെക്കന്‍ഡറി സ്കൂളിലെ അധ്യാപകന് എന്‍.ഇ. അബൂ ഹാമിദ് മാസ്റ്റര്‍ അകാലത്തില്‍ മടങ്ങുമ്പോള്‍ കൊണ്ടോട്ടിക്ക് നഷ്ടമാകുന്നത് മികവുറ്റ അധ്യാപകനിലുപരി കാലം കാത്തുവെച്ച മനുഷ്യ സ്നേഹിയേക്കൂടിയാണ്.
കൊട്ടുക്കരയില്‍ നിന്നു തുടങ്ങി കൊണ്ടോട്ടി വിദ്യാഭ്യാസ ഉപജില്ലയിലാകെ സാമൂഹ്യ ശാസ്ത്ര പഠന ശാക്തീകരണത്തിന് ചുക്കാന്‍ പിടിച്ചിരുന്ന മാസ്റ്റര്‍ ഇനിയില്ലെന്ന സത്യത്തിനു മുന്നില്‍ പകച്ചിരിക്കുകയാണ് അധ്യാപക, വിദ്യാര്‍ഥി സമൂഹമെന്നപോലെ നാടൊന്നാകെയും.
കിഴിശ്ശേരിയില്‍ നടക്കുന്ന അധ്യാപക സംഘടന സമ്മേളനത്തില്‍ പങ്കെടുത്ത് ശനിയാഴ്ച ഉച്ചക്ക് ശേഷം തിരിച്ചെത്തിയ അബൂ ഹാമിദിന് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടര്‍ന്ന് കൊണ്ടോട്ടിയിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല. സാമൂഹ്യ സേവന രംഗത്ത് നിരന്തരം മനുഷ്യത്വപരമായ ഇടപെടല്‍ നടത്തി സഹപ്രവര്‍ത്തകര്‍ക്കും വിദ്യാര്‍ഥികള്‍ക്കുമെല്ലാം
ഊര്‍ജം പകര്‍ന്നിരുന്ന നാട്ടുകാരുടേയും വിദ്യാര്‍ഥികളുടേയും അബു മാസ്റ്ററുടെ വിയോഗം ഞെട്ടലോടെയാണ് കൊണ്ടോട്ടിക്കാര്‍ കേട്ടത്.
കൊണ്ടോട്ടി ഉപജില്ലയിലെ സാമൂഹ്യ ശാസ്ത്ര കണ്‍വീനര്‍ എന്ന നിലയില്‍ സാമൂഹ്യ ശാസ്ത്ര പഠന പ്രവര്‍ത്തനങ്ങളും അധ്യാപക വിദ്യാര്‍ഥി ശാക്തീകരണവും ഏകോപിപ്പിക്കുകയും സാമൂഹ്യ ശാസ്ത്ര മേളകള്‍ മികവുറ്റതാക്കാന്‍ അക്ഷീണം ഓടി നടക്കുകയും ചെയ്യുന്ന അബു മാസ്റ്റര്‍ സ്വന്തം വിഷയമായ സാമൂഹ്യ ശ്സ്ത്രത്തിനൊപ്പം കല, കായിക രംഗങ്ങളിലും കുട്ടികള്‍ക്ക് പ്രചോദനമായി സജീവമായിരുന്നു.
പഠന പാഠ്യാതര പ്രവര്‍ത്തനങ്ങളുമായി തന്റെ സേവനം വിദ്യാലയത്തില്‍ മാത്രം തളച്ചിടാതെ നാടിന്റെ ക്ഷേമ പ്രവര്‍ത്തനങ്ങളിലും ജീവകാരുണ്യ രംഗത്തും സജീവമായ അപൂര്‍വ പ്രതിഭകൂടിയായിരുന്നു അദ്ദേഹം.
ഏറ്റവുമൊടുവില്‍ എസ്.എം.എ രോഗം ബാധിച്ച വിദ്യാര്‍ഥിയുടെ ചികിത്സ ധന സമാഹരണത്തിനായി കൊട്ടുക്കര സ്കൂളിലെ വിദ്യാര്‍ഥികള്‍ അവതരിപ്പിച്ച കലാ വിരുന്നിന്റെ സംഘാടനത്തിലും നിറ സാനിധ്യമായിരുന്നു അബു മാസ്റ്റര്‍.
യോഗ പരിശീലനത്തിലും ലഹരി വിരുദ്ധ പ്രവര്‍ത്തനങ്ങളിലുമെല്ലാം സജീവമാകുന്നതിനൊപ്പം മൂല്യ ബോധമുള്ളതും കഴിവുറ്റതുമായ പുതു തലമുറയെ എപ്പോഴും സ്വപ്നം കണ്ടിരുന്ന അബു മാസ്റ്ററെ നിനച്ചിരിക്കാതെ കാലം കവര്‍ന്നപ്പോള്‍ അദ്ദേഹം രേഖപ്പെടുത്തിയ നന്മകളുടെ, മാനവികതയുടെ പാഠങ്ങള്‍ ചേര്‍ത്തുപിടിക്കുകയാണ് കുടുംബവും സഹപ്രവര്‍ത്തകരും വിദ്യാര്‍ഥികളും ചുറ്റുമുള്ള വലിയ സുഹൃദ് വലയവും.