കാപ്പ ചുമത്തി നാടുകടത്തിയയാൾ നിയമം ലംഘിച്ച് വീട്ടിലെത്തി, പൊലീസ് പിടിയിലുമായി
text_fieldsഹരീഷ്
കൊണ്ടോട്ടി: കാപ്പ നിയമപ്രകാരം പൊലീസ് അറസ്റ്റ് ചെയ്ത് നാടുകടത്തിയയാള്‍ നിയമം ലംഘിച്ച് വീട്ടിലെത്തിയതിന് വീണ്ടും അറസ്റ്റില്‍. പുളിക്കല്‍ പെരിയമ്പലം മിനി ഇൻഡസ്ട്രിയല്‍ എസ്റ്റേറ്റ് പാലക്കുളങ്ങര ഹരീഷ് ചീരക്കോട് (അനില്‍ -48) ആണ് അറസ്റ്റിലായത്. വെള്ളിയാഴ്ച രാത്രി ഇയാള്‍ വീട്ടിലെത്തിയെന്ന വിവരത്തെ തുടര്‍ന്ന് കൊണ്ടോട്ടി എസ്.ഐ വി. ജിഷിലിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘമെത്തി പിടികൂടുകയായിരുന്നു.
നാട്ടിലെ റേഷന്‍ കടയില്‍ നിന്ന് ഉടമയെ ഭീഷണിപ്പെടുത്തി സാധനങ്ങള്‍ തട്ടിയെടുത്ത കേസിലും നേരത്തെ മറ്റൊരു കേസില്‍ പരാതി അന്വേഷിക്കാനെത്തിയ എസ്.ഐയെ കുത്തിക്കൊലപ്പെടുത്താന്‍ ശ്രമിച്ച കേസിലും പ്രതിയാണ് ഹരീഷ്. കഴിഞ്ഞ ഫെബ്രുവരിയിലാണ് തൃശൂര്‍ റെയ്ഞ്ച് ഡി.ഐ.ജിയുടെ ഉത്തരവനുസരിച്ച് പ്രതിയെ ജില്ലയില്‍ പ്രവേശിക്കുന്നതിന് നിരോധനം ഏര്‍പ്പെടുത്തി കാപ്പ ചുമത്തി നാടുകടത്തിയിരുന്നത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ മഞ്ചേരി സബ് ജയിലില്‍ റിമാന്‍ഡ് ചെയ്തു.