ബഡ്സ് സ്കൂളിലെ മോഷണ ശ്രമം; പ്രതി അറസ്റ്റില്‍
text_fieldsനൗഫല്‍
കൊണ്ടോട്ടി: മോഷണ രീതിയിലൂടെ ശ്രദ്ധേയനായ മൂവാറ്റുപുഴ പെഴക്കാപ്പിള്ളി പാണ്ടിയാരപ്പിള്ളി നൗഫല്‍ (പപ്പന് നൗഫല്‍ - 42) വീണ്ടും കൊണ്ടോട്ടി പൊലീസിന്റെ പിടിയില്‍. മൊറയൂര്‍ ഗ്രാമ പഞ്ചായത്തിലെ അരിമ്പ്രയില്‍ ഭിന്നശേഷി വിദ്യാര്‍ഥികള്‍ക്കായുള്ള ബഡ്സ് സ്കൂളില്‍ കഴിഞ്ഞ ദിവസമുണ്ടായ മോഷണ ശ്രമത്തിനാണ് അറസ്റ്റ്.
ജൂണ്‍ ഒന്നിന് പുലര്‍ച്ചെ വാടക വീട്ടില്‍ പ്രവര്‍ത്തിക്കുന്ന വിദ്യാലയത്തിന്റെ വാതില്‍ കുത്തിപ്പൊളിച്ചായിരുന്നു മോഷണ ശ്രമം. ഇവിടെ നിന്ന് വിലപിടിപ്പുള്ള വസ്തുക്കള്‍ ഒന്നും നഷ്ടപ്പെട്ടിരുന്നില്ല. മോഷണശ്രമത്തിന്റെ രീതിയില്‍ നിന്ന് നൗഷലാണ് സംഭവത്തിന് പിന്നിലെന്ന് കൊണ്ടോട്ടി പൊലീസ് മനസിലാക്കി.
വേങ്ങരയിലെ മറ്റൊരു കേസില്‍ റിമാന്‍ഡിലായിരുന്ന നൗഫലിനെ കസ്റ്റഡിയില്‍ വാങ്ങി ചോദ്യം ചെയ്തപ്പോള്‍ ഇയാള്‍ കുറ്റം സമ്മതിക്കുകയായിരുന്നെന്ന് കൊണ്ടോട്ടി പൊലീസ് ഇന്‍സ്പെക്ടര്‍ പി.എം. ഷമീര്‍ പറഞ്ഞു. ആള്‍ത്താമസമില്ലാത്ത വീടുകളുടെ വാതില്‍ തകര്‍ത്ത് സ്വര്‍ണവും പണവും മാത്രം മോഷ്ടിക്കാറുള്ള നൗഫല്‍ ബഡ്സ് സ്കൂള്‍ വീടാണെന്ന് ധരിച്ചായിരുന്നു വാതില്‍ തകര്‍ത്ത് അകത്ത് കയറിയത്.
പണവും സ്വര്‍ണവും ലഭിക്കാത്തതിനാല്‍ വിദ്യാലയത്തിലെ മറ്റ് വിലപിടിപ്പുള്ള സാധനങ്ങളൊന്നുമെടുക്കാതെ സ്ഥലത്തുനിന്ന് രക്ഷപ്പെടുകയായിരുന്നെന്നും ചോദ്യം ചെയ്യലില്‍ സമ്മതിച്ചതായി അന്വേഷണ ഉദ്യോഗസ്ഥര്‍ പറഞ്ഞു.
മോങ്ങത്ത് ഗൃഹനാഥനെ മഴുവുപയോഗിച്ച് വെട്ടിക്കൊലപ്പെടുത്താന്‍ ശ്രമിച്ച കേസിലും കൊണ്ടോട്ടി തുറക്കലില്‍ ആളൊഴിഞ്ഞ വീട്ടില്‍ നടന്ന മോഷണത്തിലും കഴിഞ്ഞ ഫെബ്രുവരി ആറിന് കൊണ്ടോട്ടി പൊലീസിന്റെ പിടിയിലായിരുന്ന നൗഫല്‍ റിമാന്‍ഡിലായിരുന്നു.
ഈ കേസില്‍ ജാമ്യം ലഭിച്ച് പുറത്തിറങ്ങിയ ഇയാള്‍ ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ സമാനമായ രീതിയില്‍ മോഷണം നടത്തി വരുന്നതിനിടെയാണ് വീണ്ടും പൊലീസിന്റെ പിടിയിലാകുന്നത്.
നേരത്തെ തുറക്കലിലുണ്ടായ മോഷണക്കേസില്‍ പൊലീസും ഡാന്‍സാഫ് സംഘവും ചേര്‍ന്നു നൗഫലിനെ പിടികൂടി ചോദ്യം ചെയ്യുന്നതിനിടെയായിരുന്നു മോങ്ങത്തെ വധശ്രമമുള്‍പ്പെടെയുള്ള വിവിധ കേസുകള്‍ക്ക് തുമ്പുണ്ടായത്.
സിനിമ കഥകളെ വെല്ലുന്ന വിധത്തില്‍ ആരെയും ഞെട്ടിക്കുന്നതും ആശ്ചര്യപ്പെടുത്തുന്നതുമായ നൗഫലിന്റെ കഥയാണ് അന്ന് പുറത്തുവന്നിരുന്നത്.
ആളില്ലാത്ത വീടുകളുടെ വാതിലുകള്‍ മഴു ഉപയോഗിച്ച് തകര്‍ത്ത് അകത്തുകയറി മോഷ്ടിക്കുന്ന സ്വര്‍ണവുമായി ബംഗാളിലേക്കു പോയി അവിടെ വില്പന നടത്തുകയാണ് രീതി.
മൂന്ന് വര്‍ഷം മുന്‍പ് പശ്ചിമ ബംഗാളിലെ ബര്‍ദ്ധമാന്‍ ജില്ലയിലെ അത്താസ് പുരില്‍ ഭൂമി വാങ്ങി ഇരുനില വീടുവെച്ച് തന്റെ കൃഷിയിടത്തില്‍ ജോലിക്കെത്തിയ കുട്ടിയുള്ള വിധവയയെ വിവാഹം കഴിച്ചതോടെ നാട്ടുകാരുടെ പ്രീതി പിടിച്ചുപറ്റിയ നൗഫല്‍ ഖത്തറില്‍ വ്യവസായിയാണെന്നാണു സ്വയം പരിചയപ്പെടുത്തിയിരുന്നത്.
ബംഗാളില്‍ വിവിധ ആവശ്യങ്ങള്‍ പറഞ്ഞു സഹായം ചോദിച്ചെത്തുന്നവരെയെല്ലാം നൗഫല്‍ നല്ലരീതിയില്‍ പരിഗണിക്കുകയും ചെയ്തിരുന്നു. ഇതോടെ നൗഫല്‍ ഷെയ്ഖ് എന്നാണ് അറിയപ്പെട്ടത്.
ബഡ്സ് സ്കൂളിലെ മോഷണ കേസില്‍ അറസ്റ്റിലായ പ്രതിയെ സംഭവ സ്ഥലത്തെത്തി തെളിവെടുപ്പ് നടത്തിയ ശേഷം പൊലീസ് വീണ്ടും കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.
സംഭവസ്ഥലത്തുനിന്ന് നൗഫല്‍ വീടുപൊളിക്കാന്‍ ഉപയോഗിച്ച മൺവെട്ടി കണ്ടെടുത്തു. കൊണ്ടോട്ടി പൊലീസ് ഇന്‍സ്പെക്ടര്‍ പി.എം. ഷമീര്‍, എസ്.ഐമാരായ ജിഷില്‍, തുളസിദാസ്, പൊലീസ് ഓഫീസര്‍മാരായ ശാരിഷ്, ഫിറോസ്ഖാന്, പ്രജീഷ് എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.