കാലിക്കറ്റ് സര്‍വകലാശാല സി സോണ്‍ കലോത്സവം; രാവുറങ്ങാതെ ‘കലാമ’യുടെ കലാരവം
text_fieldsസി സോണ്‍ കലോത്സവത്തില്‍ രാത്രി ദഫ്മുട്ട് മത്സരം നടന്ന പ്രധാന വേദിക്കുമുന്നില്‍ തടിച്ചുകൂടിയ കാണികള്‍
കൊണ്ടോട്ടി: സി സോണ്‍ കലോത്സവത്തിന്റെ സമാപന ദിവസവം രാവുറങ്ങാതെ കൊണ്ടോട്ടി ഇ.എം.ഇ.എ കോളജിലെ ‘കലാമ’യുടെ കലാരവം. വ്യാഴാഴ്ച ആരംഭിച്ച പരിപാടികള്‍ വെള്ളിയാഴ്ച പുലര്‍ച്ചെ വരെ നീണ്ടു.
ആദ്യദിവസം മുതല്‍ ആരംഭിച്ച കിരീടപ്പോരാട്ടത്തില്‍ ആദ്യം മുന്നിട്ടുനിന്ന കാലിക്കറ്റ് സര്‍വകലാശാല കാമ്പസിനെ മറികടന്ന് മുന്നേറി മമ്പാട് എം.ഇ.എസ് കോളജ് ജേതാക്കളായി. 247 പോയന്റുകളുമായാണ് മമ്പാട് എം.ഇ.എസ് ജേതാക്കളായത്. 190 പോയന്റുകളുമായി കാലിക്കറ്റ് സര്‍വകലാശാല കാമ്പസ് രണ്ടാം സ്ഥാനത്തും 178 പോയന്റുകളുള്ള തിരൂരങ്ങാടി പി.എസ്.എം.ഒ കോളജ് മൂന്നാം സ്ഥാനത്തുമാണ്. 99 പോയന്റുകളുമായി ആതിഥേയരായ ഇ.എം.ഇ.എ കോളജാണ് നാലാം സ്ഥാനത്ത്.
നൃത്തയിനങ്ങളിലും മാപ്പിള കലകളിലും നാടന്പാട്ടിലുമൊക്കെ മത്സരാര്‍ഥികള്‍ ഒഴുകിയെത്തിയപ്പോള്‍ സമയക്രമത്തിനപ്പുറത്തേക്ക് മത്സരങ്ങള്‍ നീണ്ടു.
ജനപ്രിയ മത്സരയിനങ്ങള്‍ ഏറെ വൈകിയും വേദിയിലെത്തിയപ്പോള്‍ നിറഞ്ഞ സദസ്സാണ് വേദികള്‍ക്ക് മുന്നിലുണ്ടായിരുന്നത്. സമാപന ദിവസം സി സോണ്‍ കലോത്സവവും കലാമേളകളെ നെഞ്ചോട് ചേര്‍ക്കുന്ന മലപ്പുറത്തിന്റെ ജനകീയ വൈബിലെത്തി. അഞ്ച് ദിവസങ്ങളിലായി നടന്ന കലാമേളയില്‍ രാത്രി നടന്ന മത്സരയിനങ്ങള്‍ കാണാന്‍ നാട്ടുകാരടക്കമുള്ളവരും ‘കലാമ’ നഗരിയിലെത്തിയിരുന്നു. കാര്യമായ പരാതികള്‍ക്കിട നല്‍കാതെ നടന്ന കലോത്സവത്തില്‍ ഇത്തവണ അപ്പീലുകളും കുറവാണ്. 12 അപ്പീലുകളാണ് ലഭിച്ചതെന്ന് സംഘാടകര്‍ അറിയിച്ചു. സര്‍വകലാശാലയുടെ ഏറ്റവും വലിയ സോണല്‍ മത്സരമായ സി സോണില്‍ ജില്ലയിലെ 138 കലാലയങ്ങളില്‍ നിന്നായി 4232 മത്സരാര്‍ഥികളാണ് പങ്കെടുത്തത്.